ramavarmma-

കോന്നി: നാടിനെ വിറപ്പിച്ച കൊലകൊമ്പന്റെ കഥ പറയാനുണ്ട് ചെങ്ങറയിലെ പഴമക്കാർക്ക്. ആനയെ വെടിവച്ചു കൊന്നത് തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മി ഭായിയുടെ ഭർത്താവ് രാമവർമ്മ വലിയ കോയിത്തമ്പുരാനായിരുന്നു. ഒരു നൂറ്റാണ്ടിന് മുമ്പ് വടശേരിക്കര മേഖലയിലെ നിബിഡ വനമായിരുന്ന ചെങ്ങറയ്ക്ക് സമീപത്തെ കടവുപുഴ. രാജഭരണകാലത്ത് ടോങ്കിയ സമ്പ്രദായത്തിലൂടെ ഇടവിളയായി നെല്ലും മുതിരയും കപ്പയും കൃഷി ചെയ്യാൻ കൃഷിക്കാർക്ക് നൽകിയാണ് ഇവിടെ തേക്ക് തൈകൾ വച്ചുപിടിപ്പിച്ചത്. കല്ലാറിന്റെ തീരമായ ഇവിടെ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ഇവയിൽ നിന്ന് രക്ഷ നേടാൻ രാത്രികാലങ്ങളിൽ തീ കൂട്ടിയാണ് കർഷകർ നേരം വെളുപ്പിച്ചിരുന്നത്. പകൽ സമയത്ത് പുറത്തിറങ്ങുന്നവരെ ആക്രമിക്കുന്ന ഒറ്റയാൻ ഇവിടെയുണ്ടായിരുന്നു. ഒറ്റയാനെ നേരിടാൻ പോയ പലർക്കും തിരികെയെത്താൻ കഴിഞ്ഞിരുന്നില്ലെന്ന് അന്നത്തെ കോന്നിയിലെ മുഖ്യവനപാലകനായിരുന്ന പി രാമൻപിള്ള അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിൽ പറയുന്നുണ്ട്. അന്ന് കുറ്റാലത്ത് ഉണ്ടായിരുന്ന തിരുവിതാംകൂർ റീജന്റ് റാണി സേതുലക്ഷ്മി ഭായിയെയും ഭർത്താവ് രാമവർമ്മ വലിയ കോയിത്തമ്പുരാനെയും കാട്ടാനശല്യത്തെക്കുറിച്ച് വനപാലകർ ബോദ്ധ്യപ്പെടുത്തി. രാമവർമ്മ വലിയകോയിത്തമ്പുരാൻ ചെങ്കോട്ടക്കാരായ വേട്ടക്കാരുമൊത്ത് വടശേരിക്കരയിലെത്തി. അവിടെനിന്ന് മണിയാർ വഴി വനപാലകരുടെ അകമ്പടിയോടെ ചെങ്ങറയ്ക്ക് സമീപത്തെ കടവുപുഴയിലെ കൃഷിഭൂമിയിലെത്തി ആനയെ കൊല്ലുകയായിരുന്നു.

ആനയെ കൊന്നത് സാഹസികമായി

സാഹസികമായാണ് രാമവർമ്മ ആനയെ കൊന്ത്. കാട്ടാനയുടെ സമീപത്തെത്തിയ അദ്ദേഹം വെടിവയ്ക്കാൻ ഉന്നം പിടിക്കുന്നതിനിടെ ഒറ്റയാൻ മുന്നിലേക്ക് ചിന്നം വിളിച്ച് പാഞ്ഞടുത്തു. ഒപ്പമുണ്ടായിരുന്ന വ നപാലകരും ആദിവാസികളും ചിതറിയോടി. സംഘത്തിന്റെ ഒപ്പം വഴികാട്ടാനായി കൂടെയുണ്ടായിരുന്ന തേവൻ എന്ന ആദിവാസി സാഹസികമായി രാമവർമ്മയെ സമീപത്തെ ഏറുമാടത്തിന്റെ തൂങ്ങിക്കിക്കുന്ന ഏണിയിലൂടെ മരത്തിന്റെ മുകളിൽ എത്തിച്ചു രക്ഷപ്പെടുത്തി. തുടർന്ന് മൂന്നുദിവസം രാപ്പകൽ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ രാമവർമ്മ കാട്ടാനയെ വെടിവെച്ചുകൊന്നു. അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നത് 400 മീറ്റർ വരെ പായുന്ന ബ്രിട്ടീഷ് റൈഫിളായിരുന്നു. നിലംപൊത്തിയ കൊമ്പന്റെ വലത്തെ കൊമ്പിന് 108 റാത്തൽ തൂക്കവും, ഇടത്തെ കൊമ്പിന് 96 റാത്തൽ തൂക്കവും ഉണ്ടായിരുന്നു. രാജഭരണകാലത്ത് ഈ സംഭവം ചെങ്ങറയിലെ കൊലയാന എന്ന പേരിൽ വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്നു.

ഇന്നും നിറയെ കാട്ടാനകളുള്ള പ്രദേശമാണ് റാന്നി വനം ഡിവിഷനിലെ കടവുപുഴ.

ചിറ്റാർ ആനന്ദൻ ( മുൻ വനം വകുപ്പ് ഉദ്യോഗസ്ഥൻ, പരിസ്ഥിതി പ്രവർത്തകൻ )