nellu

പത്തനംതിട്ട : സംഭരിച്ച നെല്ലിന്റെ വില ലഭിക്കാനുള്ള കാലതാമസവും കാലാവസ്ഥാ വ്യതിയാനവും കാരണം ജില്ലയിലെ നെൽകർഷകർ പ്രതിസന്ധിയിലായി. വായ്പയെടുത്ത് കൃഷി നടത്തിയ കർഷകർ നെല്ലിന്റെ പണത്തിനായി ബാങ്കുകൾ തോറും കയറിയിറങ്ങുകയാണ്. സപ്ലൈകോ പണം നൽകിയിട്ടില്ലെങ്കിലും വായ്പാ തിരിച്ചടവിനായി ബാങ്കുകൾ കർഷകർക്ക് നോട്ടീസ് അയക്കുന്നുണ്ട്. അടുത്ത കൃഷിക്ക് നിലംഒരുക്കേണ്ട സമയമായിട്ടും സംഭരണവില ലഭിക്കാത്തതിനാൽ കർഷകർ പിൻവാങ്ങുകയാണ്.

സപ്ലൈകോയ്ക്ക് നൽകുന്ന നെല്ലിന്റെ പണത്തിന് പകരം കർഷകർക്ക് നൽകുന്ന നെല്ലുസംഭരണ രസീത് (പി.ആർ.സ്) ബാങ്കിൽ നൽകിയാൽ വായ്പയായി സംഭരണ വില ലഭിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. കർഷകർക്ക് നൽകുന്ന പണവും അതിന്റെ പലിശയും തിരിച്ചടയ്ക്കുന്നത് സപ്ലൈകോയാണ്. ഇത് സർക്കാർ അടച്ചു തീർക്കുന്നതുവരെ കർഷകരെ ബാങ്ക് വായ്പക്കാരായി കണക്കാക്കും. എസ്.ബി.ഐയും കാനറബാങ്കുമാണ് കർഷകർക്ക് പണം നൽകുന്നത്.

വളം, കീടനാശിനി, കൂലിച്ചെലവ് ഇവയെല്ലാം വർദ്ധിച്ചതോടെ നെല്ല് കൃഷി നഷ്ടത്തിലാണെന്ന് കർഷകർ പറയുന്നു. കർഷകരിൽ നല്ലൊരു പങ്കും കടക്കെണിയിലാണ്. സ്‌കൂൾ വർഷാരംഭത്തിൽ മിക്ക കർഷകരുടെ കയ്യിലും പണമില്ലായിരുന്നു.

ജില്ലയിൽ സംഭരിച്ചത് : 9771 മെട്രിക് ടൺ നെല്ല്

(കൂടുതൽ അപ്പർ കുട്ടനാട്ടിൽ)

പെരിങ്ങരയിൽ : 2996.534 മെട്രിക് ടൺ

നിരണം : 1933.59

കടപ്ര : 866.331

കരിങ്ങാലിയിൽ വിളവ് മോശം

1. പന്തളം നഗരപരിധിയിലെ പാടശേഖരങ്ങളിൽ നിന്ന് 7.6 ലക്ഷം കിലോ നെല്ലാണ് ലഭിച്ചത്. കരിങ്ങാലി പാടത്ത് ഇക്കുറി വിളവ് മോശമായിരുന്നു. ചൂട് കൂടിയതു കാരണം മങ്കിന്റെ അളവ് വർദ്ധിച്ചിരുന്നു.

2.വള്ളിക്കോട് 280 കർഷകരിൽ നിന്ന് 400 ടൺ നെല്ല് സപ്ലൈകോയ്ക്കു കൈമാറി. കർഷകർക്ക് 1.13 കോടി രൂപ ലഭിക്കാനുണ്ട്.
3.നാരങ്ങാനം പുന്നോൺ പാടശേഖരത്തിലെ 12ഹെക്ടറിൽ നിന്ന് 15.5 ടൺ നെല്ല് സംഭരിച്ചു. 20 കർഷകർക്ക് പണം ലഭിക്കാനുണ്ട്.

നെല്ലിന് കർഷകർക്ക് നൽകുന്ന

വില കിലോഗ്രാമിന് : 28.30 രൂപ