മല്ലപ്പള്ളി : മല്ലപ്പള്ളി - തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസ് പടിയിലെ ഓട്ടോ സ്റ്റാൻഡിന് മുൻ ഭാഗത്തെ ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കും. ഇതു സംബന്ധിച്ച് കേരളകൗമുദി ജൂൺ 16ന് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. പഞ്ചായത്ത് ഓഫീസ്പടി -പരിയാരം -കോമളം റോഡുകൾ സന്ധിക്കുന്നത് മല്ലപ്പള്ളി - തിരുവല്ല റോഡിലെ പഞ്ചായത്ത് പടിയിലാണ്. തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകൾ ഇവിടുത്തെ കൊടുംവളവിൽ നിറുത്തിയാണ് ആളുകളെ കയറ്റുന്നത്. എതിർ ദിശയിൽ നിന്ന് എത്തുന്ന മറ്റ് വാഹനങ്ങൾക്കും തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കുടിയാകുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ചെറിയ വാഹനങ്ങൾ ബസിനെ മറികടന്നാൽ അപകടസാദ്ധ്യതയും ഏറെയാണ്. റോഡിൽ വളവും കയറ്റവും കൂടിയാകുമ്പോൾ ഏത് നിമിഷവും അപകടമുണ്ടാകാം. ടിപ്പർ ലോറികൾ ഉൾപ്പെടെ ഭാരവാഹനങ്ങളും കേറ്റത്തിൽ നിറുത്തേണ്ട സ്ഥിതിയായിരുന്നു. നേരത്തെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായെങ്കിലും അധികൃതർ നടപടി എടുത്തിരുന്നില്ല. ഇത് യാത്രക്കാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

മല്ലപ്പള്ളി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മല്ലപ്പള്ളി താലൂക്ക് വികസന സമിതിയുടെയും ശുപാർശ പ്രകാരമാണ് മല്ലപ്പള്ളി ജോയിന്റ് ആർ.ടി.യോ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചത്.