ചെങ്ങന്നൂർ: പെണ്ണൂക്കരയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഉല്പ്പന്നങ്ങൾ വിൽക്കുന്ന എ.കെ ട്രഡേഴ്‌സ് എന്ന കടയിൽ പിൻഭാഗത്തെ ഭിത്തി തുരന്ന് മോഷണം. പെണ്ണൂക്കര വാഴേത്തടത്തിൽ വീട്ടിൽ ബാലകൃഷ്ണന്റെ കടയിലാണ് മോഷണം നടന്നത്. ഇന്നലെ വെളുപ്പിന് 2.3നായിരുന്നു സംഭവം. ഇലക്ട്രിക്, പ്ലംബിഗ്, വയറിംഗ് സാധനങ്ങളാണ് കടയിലുണ്ടായിരുന്നത്. രാവിലെ എട്ടരയോടെ ബാലകൃഷ്ണനും ഭാര്യ അനിതയും കടതുറക്കാനായി എത്തിയപ്പോൾ റാക്കിൽ പൈപ്പുകളുടെ എണ്ണം കുറവാണെന്ന് കണ്ടു. പിന്നീട് നടത്തിയ പരിശോധനയിൽ ഭിത്തി തുരന്നതായും പിൻഭാഗത്തേക്ക് നിരവധി പൈപ്പുകൾ ഉപേക്ഷിച്ചതായും കണ്ടെത്തി. കടയ്ക്കുള്ളിൽ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. കോപ്പർ വയറുകൾ മുഴുവനും കവർന്നു. മേശവലിപ്പിൽ സൂക്ഷിച്ച മൂവായിരം രൂപയും മോഷ്ടിച്ചു. കടയുടമ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. സമീപത്തെ മാവേലി സ്റ്റോറിലും മോഷണശ്രമം ഉണ്ടായി. പിൻവശത്തെ കതകുപൊളിച്ചു കയറാനുള്ള ശ്രമമാണ് നടന്നത്. മാവേലി സ്‌റ്റോറിന്റെ സമീപത്തെ വീടിന് പുറത്ത് വച്ചിരിക്കുന്ന സി.സി.ടി.വി ക്യാമറയിൽ മുഖം മൂടിയ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്.