05-thattayil-mannam-templ
തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്രം

പന്തളം: തട്ടയിൽ ഇടയിരേത്ത് ഭവനത്തിൽ മന്നം സ്മാരക ക്ഷേത്രസമർപ്പണവും മന്നത്ത് പത്മനാഭന്റ വെങ്കല പ്രതിമ അനാച്ഛാദനവും ഞായറാഴ്ച രാവിലെ 10.30 ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നിർവഹിക്കും. ഒന്നാം നമ്പർ എൻഎസ്എസ് കരയോഗം രൂപീകരിച്ചത് പന്തളം എൻഎസ്എസ് യൂണിയനിൽപ്പെട്ട തട്ടയിലാണ് .1928 ഡിസംബർ 15ന് തട്ടയിൽ ഒരിപ്പുറത്ത് ദേവീക്ഷേത്രത്തിൽ നിന്ന് സമുദായ ആചാര്യൻ മന്നത്ത് പത്മനാഭനെ തട്ട മല്ലിക ഇടയിരേത്ത് കുടുംബത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയും അവിടെവച്ച് അദ്ദേഹം കരയോഗം ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. ഇതിന്റെ ഒാർമ്മയ്ക്കായി തട്ടയിൽ ഇടയിരേത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ ഇടയിരേത്ത് ട്രസ്റ്റ് ആചാര്യന്റെ വെങ്കല പ്രതിമ നിർമ്മിക്കുകയായിരുന്നു. എൻ.എസ്.എസ് .പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, യൂണിയൻ സെക്രട്ടറി കെ. കെ. പത്മകുമാർ, എൻ.എസ്എസ്. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് തട്ടയിൽ എ. കെ. വിജയൻ, ഇടയിരേത്ത് കുടുംബയോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രസിഡന്റായ അഡ്വ. കെ.ജ്യോതികുമാർ, കുടുംബയോഗം സെക്രട്ടറി സി.പി. മോഹനചന്ദ്രൻ പിള്ള, ഇടയിരേത്ത് ട്രസ്റ്റ് സെക്രട്ടറി ജെ.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നേതൃത്വം നൽകുന്നു.