photo
മുണ്ടിയപ്പള്ളി രണ്ടാം വാർഡിൽ അനധികൃതമായി മണ്ണെടുപ്പ് നടക്കുന്നു

തിരുവല്ല : മുണ്ടിയപ്പള്ളി പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് തുടരുന്നു. കവിയൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ മുണ്ടിയപ്പള്ളി സർവീസ് കോപ്പറേറ്റീവ് ബാങ്കിന് സമീപത്താണ് മണ്ണെടുപ്പ് തുടരുന്നത്. 50 സെന്റ് സ്ഥലത്ത് രണ്ട് വീടുകൾ നിർമ്മിക്കാനായി അനുമതി നേടി കഴിഞ്ഞ ഫെബ്രുവരിയിൽ ഇവിടെ നിന്ന് മണ്ണ് നീക്കിയിരുന്നു. ഇതേ സ്ഥലത്താണ് അനുമതിയില്ലാതെ വീണ്ടും മണ്ണെടുപ്പ് തുടരുന്നത്. മഴ തുടങ്ങുമ്പോൾ മണ്ണ് മാഫിയ സാധാരണയായി മണ്ണ് കടത്ത് നിറുത്തിവയ്ക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ മഴക്കാലത്തും രാപകൽ വ്യത്യാസമില്ലാതെ മണ്ണ് കടത്ത് സജീവമാക്കിയിരിക്കുകയാണ്. ഇതുകാരണം ടാറിംഗ് ചെയ്ത ബാങ്ക് പടി - ശാസ്താങ്കൽ റോഡിലാകെ ചെളി നിറഞ്ഞു യാത്രക്കാർക്കും ബുദ്ധിമുട്ടായി. മുണ്ടിയപ്പള്ളി സി.എസ്.ഐ ആശുപത്രിക്ക് സമീപത്തും മണ്ണെടുപ്പ് നടക്കുന്നുണ്ട്. നാട്ടുകാരും സമീപവാസികളുമെല്ലാം പരാതിപ്പെട്ടിട്ടും രാത്രിയുടെ മറവിൽ ഇവിടെ നിന്ന് മണ്ണ് കടത്ത് തുടരുകയാണ്. ശക്തമായ മഴയിൽ മണ്ണൊലിപ്പ് നടക്കുന്നതിനാൽ സമീപവാസികൾ ഭീതിയിലാണ്. ചങ്ങനാശ്ശേരി ലോബിയാണ് മണ്ണെടുപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. അധികൃതരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.

പഞ്ചായത്ത് മണ്ണെടുപ്പ് തടഞ്ഞു
മുണ്ടിയപ്പള്ളിയിലെ ബാങ്കിന് സമീപത്തെ അനധികൃത മണ്ണെടുപ്പ് കവിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ, വാർഡ് മെമ്പർ ലിൻസി മോൻസി എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. ഇന്നലെ രാവിലെ മണ്ണെടുക്കാൻ എത്തിയ ജെ.സി.ബിയും ടിപ്പർ ലോറിയും ഉൾപ്പെടെയുള്ള വാഹനങ്ങൾ തിരിച്ചയച്ചു.

..................

കവിയൂർ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് താലൂക്ക് സഭയിൽ ഉൾപ്പെടെ ഉന്നയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല.

(പഞ്ചായത്ത് പ്രസിഡന്റ് )