അടൂർ : ഇന്നലെ രാവിലെ മുതൽ ഉച്ചവരെ ഏഴംകുളം കൃഷി ഒാഫീസ് പ്രവർത്തിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധം. ഒാഫീസ് അടച്ചുപൂട്ടി ഉദ്യോഗസ്ഥർ പുറത്തുപോയെന്ന് ആരോപിച്ച് കർഷക കോൺഗ്രസ് നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒാഫീസ് പൂട്ടിയിട്ടതോടെ കേരഗ്രാമ പദ്ധതിയുടെ അപേക്ഷകൾ അടക്കം സമർപ്പിക്കുവാൻ എത്തിയവർ ഉൾപ്പെടെ ബുദ്ധിമുട്ടി. തുടർന്ന് കർഷക കോൺഗ്രസ് ഏഴംകുളം മണ്ഡലം പ്രസിഡന്റ് ജയിംസ് കക്കാട്ടുവിളയിൽ ഏഴംകുളം കൃഷി ഓഫീസറോട് പരാതിപ്പെട്ടു. രണ്ട് ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് രണ്ടരയോടെ എത്തിയാണ് ഓഫീസ് തുറന്നത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഇ. എ.ലത്തീഫ്, സുരേഷ് ബാബു, ചാർളി ഡാനിയേൽ, ഷാജഹാൻ ഏഴംകുളം, ബിനിൽ ബിനു എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാൽ ഏഴംകുളത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ ഇന്നലെ ഞാറ്റുവേല ചന്തയും ചക്കയിൽ നിന്ന് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള സെമിനാറും നടന്നിരുന്നെന്നും ഉദ്യോഗസ്ഥർ ഇതിൽ പങ്കെടുക്കുകയായിരുന്നെന്നും കൃഷി ഓഫീസർ ചിത്ര പറഞ്ഞു. അസിസ്റ്റന്റ് ആ സമയം ഓഫീസിൽ ഉണ്ടായിരുന്നെങ്കിലും സെമിനാർ നടന്ന സ്ഥലത്തേക്ക് അടിയന്തരമായി ഒരു ആവശ്യത്തിന് വേണ്ടി അദ്ദേഹം ഓഫിസ് പൂട്ടി എത്തിയപ്പോഴാണ് പ്രതിഷേധം നടന്നത്. ഉടൻ തന്നെ ഓഫീസ് അസിസ്റ്റന്റ് തിരികെ ഓഫീസിലെത്തിയെന്നും കൃഷി ഓഫീസർ പറഞ്ഞു.