റാന്നി: അറയാഞ്ഞിലിമൺ പാലത്തിന്റെ നിർമ്മാണം കുരുക്കുകൾ അഴിഞ്ഞു. പാലത്തിന്റെ നിർമ്മാണത്തിന് സർക്കാർ അംഗീകൃത പി.എം.സികളിൽ നിന്ന് ടെൻഡർ ക്ഷണിക്കുമെന്ന് പട്ടികജാതി - പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ.കേളു നിയമസഭയിൽ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ മറുപടി നൽകിയതോടെയാണ് പ്രതിസന്ധിക്ക് വിരാമമായത്. കുരുമ്പൻ മൊഴിയിൽ പാലം നിർമ്മിക്കുന്ന മാതൃകയിൽ ടെൻഡർ നടത്തി പി.എം.സി മുഖേന പാലം നിർമ്മിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തുടർനടപടികൾ വൈകി. അടുത്ത വർക്കിംഗ് ഗ്രൂപ്പിൽ ഇത് വച്ച് അനുമതി നൽകാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇക്കാര്യം എം.എൽ.എ നിയമസഭയിൽ അവതരിച്ചപ്പോഴാണ് മന്ത്രി മറുപടിയായി പി.എം.സി മുഖേന ടെൻഡർ ക്ഷണിച്ച് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും എന്ന് ഉറപ്പു നൽകിയത്.