പത്തനംതിട്ട: പീഡനത്തിനിരയായ യുവതി കേസിന്റെ വിചാരണയ്ക്കിടെ പത്തനംതിട്ട അഡിഷണൽ സെഷൻസ് കോടതി ഒന്നിലെ സാക്ഷിക്കൂട്ടിൽ കുഴഞ്ഞുവീണു. ഇന്നലെ രാവിലെ 11.30നാണ് സംഭവം. പീഡനത്തിനുശേഷം യുവതിയോട് പ്രതി ഫോണിൽ മാപ്പു പറയുന്നതിന്റെ ശബ്ദരേഖ കോടതി കേൾക്കുന്നതിനിടെയാണ് 23കാരി കുഴഞ്ഞുവീണത്. അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് യുവതിയെ കോടതിക്ക് പുറത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
യുവതി ആരോഗ്യം വീണ്ടെടുത്തതോടെ ഒന്നര മണിക്കൂറിനുശേഷം വിചാരണ പുനരാരംഭിച്ചു.
2020 സെപ്തംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് രോഗബാധിതയായിരുന്ന യുവതിയെ ബന്ധുവീട്ടിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഡ്രൈവറായ പ്രതി നൗഫൽ പീഡിപ്പിച്ചത്. പട്ടികജാതി- വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.