pamba

ചെങ്ങന്നൂർ : പമ്പ, അച്ചൻകോവിൽ, മണിമല നദികളുടെ തീരഭൂമി വ്യാപകമായി ഇടിഞ്ഞുതുടങ്ങിയിട്ടും സംരക്ഷണത്തിന് പദ്ധതിയില്ല. ഇതിനോടകം ഏക്കറു കണക്കിന് ഭൂമി പലയിടങ്ങളിലായി നദിയിലേക്ക് പതിച്ചു. വലിയ മരങ്ങൾ ഉൾപ്പെടെ നദികളിൽ പതിച്ചിരിക്കുന്നത് കാണാനാകും. തീരത്തുള്ള വീടുകളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ട്. നിരവധി വീടുകൾ നദികളിലേക്ക് പതിക്കാമെന്ന അവസ്ഥയിലുമാണ്. എന്നാൽ ഇത് സംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നും അധികൃതരുടെ പക്കലില്ല. പ്രളയത്തിന് ശേഷം ഒഴുക്കിന്റെ ഗതിയിലുണ്ടായ മാറ്റം തീരമിടിച്ചിലിന് കാരണമായിട്ടുണ്ട്.

പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട്, തിരുവൻവണ്ടൂർ പഞ്ചായത്തുകളിൽ തിരശോഷണം കൂടുതലാണ്. പാണ്ടനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ അര കിലോ മീറ്റർ നീളത്തിലാണ് പമ്പയുടെ തീരം ഇടിഞ്ഞത്. ഈ ഭാഗത്തെ

വീടും പുരയിടവുമെല്ലാം ഏതുനിമിഷവും നദിയെടുക്കാമെന്ന നിലയിലാണ്. തീരത്തുള്ള വീടുകളുടെ ഭിത്തി വിണ്ടുകീറുന്നതും ഭീഷണിയാകുന്നു.

അംഗീകാരമാകാതെ എട്ടു കോടിയുടെ പദ്ധതി

പമ്പ, അച്ചൻകോവിൽ നദികളുടെ തീരസംരക്ഷണത്തിന് തയ്യാറാക്കിയ എട്ടു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായില്ല. ജലസേചന വകുപ്പാണ് പദ്ധതിക്ക് അംഗീകാരം നൽകേണ്ടത്. സംരക്ഷണഭിത്തി നിർമ്മാണം അടക്കമുള്ള പ്രവർത്തനങ്ങളായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ത‌ടസത്തിനുള്ള കാരണം.

പദ്ധതിയിലെ മറ്റുകാര്യങ്ങൾ

ചെങ്ങന്നൂർ നഗരസഭാ പരിധിയിലെ 21 തോടുകളുടെ നവീകരണം. തിരുവൻവണ്ടൂർ പഞ്ചായത്തിൽ ഏഴ് തോടുകളാണ് ആഴം കൂട്ടൽ. അപകടാവസ്ഥ നേരിടുന്ന വീടുകൾക്ക് സംരക്ഷണ ഭിത്തി.

പ്രളയം രൂക്ഷമായി ബാധിച്ച പാണ്ടനാട് പഞ്ചായത്തിൽ

ആറിന്റെ നവീകരണം കടലാസിലാണ്. കുട്ടൻപേരൂർ ആറുമായി ബന്ധിപ്പിക്കുന്ന ഇല്ലിമലയാറ്റിലെ തടസങ്ങൾ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

ബാബു പാണ്ടനാട്, പ്രദേശവാസി