1
എഴുമറ്റൂർ പുറ്റത്താനി - കിളിയൻങ്കാവ് റോഡ് തകർന്ന നിലയിൽ

മല്ലപ്പള്ളി: തകർന്നു തരിപ്പണമായ പുറ്റത്താനി - കിളിയൻങ്കാവ് റോഡിൽ കൂടെയുള്ള യാത്ര അപകടഭീഷണിയാകുന്നു. 1കി.മീറ്റർ ദൈർഘ്യം മാത്രമുള്ള റോഡ് നാശോന്മുഖമായി കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് മെറ്റൽ നിരന്നതും റോഡിന്റെ വശങ്ങളിൽ ജലനിധിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായിട്ടെടുത്ത കുഴികളുടെ ഭാഗങ്ങൾ ഗർത്തങ്ങളായതോടെ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ എന്നിവയുടെയാത്രയെയാണ് പ്രതികൂലമായി ബാധിക്കുന്നത്. സ്ഥിരമായി പോകുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇരുചക്ര വാഹനക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇതുമൂലം തകർന്ന റോഡിലൂടെ വാഹനങ്ങൾ വരാൻ മടിക്കുന്നു. പത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളും നിരവധി യാത്രക്കാരും പോകുന്ന റോഡാണിത്.

സ്കൂൾ ബസുകൾ റൂട്ട് മാറ്റി

സ്കൂൾ തുറന്നതോടെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പല സ്കൂൾ ബസുകളുടെയും സർവീസുകൾ മറ്റ് റോഡുകളിലൂടെ മാറ്റിയത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പ്രതിസന്ധിയിലാക്കി. എഴുമറ്റൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ പ്രധാന ബൈപ്പാസ് റോഡാണിത്. ശാന്തിപുരം,കാരമല, നാരകത്താനി മേഖലയിലുള്ളവർക്ക് മല്ലപ്പള്ളി- റാന്നി റോഡിലേയ്ക്ക് എളുപ്പ മാർഗത്തിൽ എത്താവുന്ന റോഡാണ് സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നത്. അധികൃതർ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

എഴുമറ്റൂർ പഞ്ചായത്തിലെ 14-ാം വാർഡിലെ പ്രധാന ബൈപ്പാസ് റോഡ്

...................

1കി.മീറ്റർ ദൂരം തകർന്നു