d

കോന്നി: അടവി ഇക്കോ ടൂറിസം സെന്ററിൽ ടെലിഫോൺ കമ്പനികളുടെ റേഞ്ച് കുറവ് മൂലം ഓൺലൈനായി പണം അടയ്ക്കുന്നതിന് ചില സമയങ്ങളിൽ തടസ്സം നേരിടുന്നതായി പരാതി. വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പണമിപാടുകൾ ഓൺലൈനായി മാത്രം സ്വീകരിക്കാനുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവ് വന്നിരുന്നു. ഓൺലൈനായി മാത്രം പണം സ്വീകരിച്ചാണ് ഇതിന് ശേഷം ടിക്കറ്റുകൾ നൽകിയിരുന്നത്. ഇങ്ങനെ പണം കൈമാറ്റം ചെയ്യാൻ അറിയാത്തവർക്കും, അതിന് സംവിധാനം ഇല്ലാത്തവർക്കും മടങ്ങേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. കുട്ടവഞ്ചി സവാരി, ആരണ്യകം ഇക്കോ ഷോപ്പ്, കേന്ദ്രത്തിലെ ഭക്ഷണശാല, ബാംബൂ ഹട്ടുകൾ, വന വിഭവങ്ങളുടെ വിപണന കേന്ദ്രം എന്നിവിടങ്ങളിൽ ഇനി ഓൺലൈനിൽ മാത്രമേ പണം അടയ്ക്കാൻ കഴിയു. കറൻസി നോട്ടുകൾ സ്വീകരിക്കില്ല. ഇക്കോ ടൂറിസം സെന്ററിൽ എത്തി കാർഡ് സ്വീപ്പിംഗ് മെഷീനിലൂടെയോ ക്യു ആർ കോഡ് സ്കാൻ ചെയ്തോ പണം അടയ്ക്കാൻ കഴിയും. എന്നാൽ ടെലിഫോൺ കമ്പനികളുടെ പ്രദേശത്തെ റേഞ്ച് കുറവ് പലപ്പോഴും തടസ്സമായി മാറുകയാണ്. ഇവിടെയെത്തി ഓൺലൈനിൽ പണം അടയ്ക്കാൻ കഴിയാതെ പല വിനോദസഞ്ചാരികളും മടങ്ങുന്നതും പതിവാണ്. പലപ്പോഴും ഇവിടുത്തെ ജീവനക്കാർ പണം കൊടുത്ത് ടിക്കറ്റ് എടുത്ത് നൽകി പിന്നീട് അവർക്ക് ഗൂഗിൾ പേ വഴി ചെയ്തു കൊടുക്കുകയാണ് പതിവ്.

സഞ്ചാരികൾ കുറയുന്നു

സാധാരണ ദിവസങ്ങളിൽ 75 മുതൽ 150 വരെ കുട്ടവഞ്ചി റൈഡുകൾ നടത്തിയ സ്ഥാനത്ത് ഇപ്പോൾ റൈഡുകൾ 50ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. ഇക്കോ ഷോപ്പിലും വിഭവങ്ങൾ വിൽക്കുന്ന കേന്ദ്രത്തിലും വില്പനയും കുറഞ്ഞിട്ടുണ്ട്. പണമിടപാടുകൾ ഓൺലൈൻ ആക്കിയതുമൂലം സഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും, പണം ഇടപാടുകൾ സുതാര്യമാവുമെന്നും വനം വന്യജീവി വകുപ്പ് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ നേരിട്ട് പണമടച്ച് ടിക്കറ്റ് എടുക്കാൻ കഴിയാത്തത് മൂലം വിനോദസഞ്ചാരികൾ കുറയുകയാണ്. റേഞ്ചുള്ള സ്ഥലത്ത് നിന്നും ഓൺലൈനായി പണമടച്ച് ഇക്കോ ടൂറിസം സെന്ററിൽ എത്തി ടിക്കറ്റ് എടുക്കാനും കഴിയുകയില്ല. അടവിയിൽ പ്രശ്നം നിലനിൽക്കുമ്പോൾ കോന്നി ഇക്കോ ടൂറിസം സെന്ററിൽ ഈ പ്രശ്നമില്ല.

കുട്ടവഞ്ചി സവാരി നേരത്തെ 75 മുതൽ 150 വരെ

ഇപ്പോൾ 50ൽ താഴെ