തിരുവല്ല: നഗരത്തിലെ ബൈപ്പാസിലെ ജംഗ്‌ഷനുകൾ സൗന്ദര്യവത്ക്കരിച്ച് ഇനി കമനീയമാക്കും. എം.സി റോഡുമായി ബന്ധിക്കുന്ന മഴുവങ്ങാട് ജംഗ്‌ഷൻ, ടി.കെ.റോഡുമായി ബന്ധിക്കുന്ന ബി വൺ റോഡിലെ ജംഗ്‌ഷൻ, രാമഞ്ചിറ ജംഗ്‌ഷൻ എന്നിവിടങ്ങളിലാണ് അലങ്കാരച്ചെടികൾ നട്ടുപിടിപ്പിച്ച് സൗന്ദര്യവൽക്കരിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് നഗരങ്ങളെ സുന്ദരമാക്കുന്നത്. ബി വൺ റോഡിലെ ട്രാഫിക് റൗണ്ടിൽ ആരോഗ്യ നഗരിയിലേക്ക് സ്വാഗതം എന്ന് രേഖപ്പെടുത്തിയ ബോർഡ് ഇന്നലെ സ്ഥാപിച്ചു. പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ഇവിടെ പുൽത്തകിടികൾ ഒരുക്കി അലങ്കരിച്ചിരിക്കുന്നത്. മഴുവങ്ങാട് ചിറയിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെ സൗന്ദര്യവൽക്കരിക്കുന്നത്. രാമഞ്ചിറയിലെ കവല സുന്ദരമാക്കുന്നത് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയാണ്. ഇവയുടെ പരിപാലനം അതാത് സ്ഥാപനങ്ങൾക്കാണ്. കെ.എസ്.ടി.പി ബൈപ്പാസ്, പൊതുമരാമത്ത് വകുപ്പിന് കൈമാറിയതിനെ തുടർന്നാണ് ജില്ലാ വികസന സമിതി യോഗത്തിൽ മാത്യു ടി. തോമസ് എം.എൽ.എ ഇങ്ങനെയൊരു ആലോചന അവതരിപ്പിച്ചത്. ഇതേതുടർന്ന് ട്രാഫിക് അഡ്വൈസറി യോഗത്തിൽ തീരുമാനം കൈക്കൊള്ളുകയായിരുന്നു. മൂന്ന് കവലകളുടെയും സൗന്ദര്യവൽക്കരണം വൈകാതെ പൂർത്തിയാകും.