devapriya-
ദേവപ്രിയ

കോന്നി : നെതർലൻഡിൽ സമാപിച്ച വേൾഡ് യൂണിവേഴ്സിറ്റി തുഴച്ചിൽ ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി തുഴയെറിഞ്ഞ സന്തോഷത്തിലാണ് അതിരുങ്കൽ സ്വദേശിനി ദേവപ്രിയ. ഡോട്ടർഡാമിൽ ഈമാസം രണ്ടിന് തുടങ്ങിയ റോവിംഗ് ചാമ്പ്യൻഷിപ്പിൽ ദേവപ്രിയ ഉൾപ്പെടെയുള്ള എട്ടംഗ ഇന്ത്യൻ ടീമിന് അഞ്ചാംസ്ഥാനം ലഭിച്ചു. നാല് മലയാളികളും നാല് തമിഴ്നാട് സ്വദേശികളുമാണ് ടീമിൽ ഉണ്ടായിരുന്നത്. ചാമ്പ്യൻഷിപ്പിൽ യു.എസ് ജേതാക്കളായി. രണ്ടാംസ്ഥാനത്ത് ഇറ്റലിയും മൂന്നാം സ്ഥാനത്ത് കാനഡയും നാലാം സ്ഥാനത്ത് ജർമ്മനിയുമായിരുന്നു. നോർവെയാണ് ആറാം സ്ഥാനത്ത്. തുഴച്ചിലിനോ നീന്തലിനോ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കൽ എന്ന മലയോര ഗ്രാമത്തിൽ നിന്നുള്ള ദേവപ്രിയയുടെ നേട്ടത്തിന് പിന്നിൽ ആലപ്പുഴ ജില്ലാ സ്പോർട്‌സ് കൗൺസിലാണ്. പഞ്ചാബിൽ നടന്ന നാഷണൽ റോവിംഗ് ട്രയലിൽ പങ്കെടുത്ത ദേവപ്രിയയടക്കമുള്ള നാല് മലയാളികൾ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യതനേടുകയായിരുന്നു. സാനിയ (ആലപ്പുഴ), വി.ജെ.അരുന്ധതി (തൃശൂർ), പി.ബി.അശ്വതി (കണ്ണൂർ), അലീന ആന്റോ (വയനാട്) എന്നിവരായിരുന്നു മറ്റുള്ളവർ.

മലയോരത്തെ സ്വർണത്തിളക്കം

കലഞ്ഞൂർ അതിരുങ്കൽ കൈതയ്ക്കൽ മുൻബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് അതിരുങ്കലിന്റെയും പ്രശാന്തയുടെയും മകളാണ് ദേവപ്രിയ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്പോർട്സ് കൗൺസിലിന്റെ പരിശീലനത്തിലേക്ക് സെലക്ഷൻ നേടിയത്. തുടർന്ന് പഠനവും പരിശീലനവും ആലപ്പുഴയിൽ തന്നെയായി. ഇപ്പോൾ ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ അവസാനവർഷ ബി.കോം വിദ്യാർത്ഥിനിയാണ്. 2022ൽ അഹമ്മദാബാദിൽ നടന്ന ദേശീയ ഗെയിംസിലും ശ്രീനഗറിൽ നടന്ന സബ് ജൂനിയർ ഇന്റർ സ്റ്റേറ്റ് ചലഞ്ചർ നാഷണൽ റോവിംഗ് ചാമ്പ്യൻഷിപ്പിലും ദേവപ്രിയ സ്വർണം നേടിയിരുന്നു.