പ്രമാടം : പത്തനംതിട്ട നഗരവുമായി പ്രമാടം ഗ്രാമപഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന പാറക്കടവ് പാലത്തിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജാഗ്രതാ സമിതി രംഗത്ത്. പൗരസമിതിയുടെ നേതൃത്വത്തിലാണ് ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. രാത്രികാലങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് സമിതി നിരീക്ഷണം നടത്തും. പൊലീസിന്റെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പാലത്തിലും സമീപ പ്രദേശങ്ങളിലും അച്ചൻകോവിലാറ്റിലേക്കും കവറുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പാലത്തിന് താഴെയാണ് ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രമാടം കുടിവെള്ള പദ്ധതി. മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ നിലനിൽക്കുന്ന പ്രദേശം കൂടിയാണിത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നഗരസഭയുടെ ഭാഗം അവർ കാടുതെളിച്ച് വൃത്തിയാക്കിയെങ്കിലും പ്രമാടം പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നേരത്തെയും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തിയതോടെയാണ് ഇത് നിലച്ചത്. മാലിന്യം തള്ളാനെത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ നിരവധി ആളുകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പൂങ്കാവ്- പ്രമാടം പത്തനംതിട്ട റോഡ് വികസിച്ചതോടെ രാത്രിയിലും നല്ല തിരക്കാണ്. തെരുവുവിളക്കുകളും പ്രകാശിക്കുന്നുണ്ട്. ഇതോടെ നാട്ടുകാരുടെ നിരീക്ഷണവും കുറഞ്ഞിരുന്നു. ഇത് മനസിലാക്കിയാണ് രാത്രിയിൽ വീണ്ടും മാലിന്യം കൊണ്ടിടാൻ തുടങ്ങിയത്.