മല്ലപ്പള്ളി:ആനിക്കാട് ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ ശോച്യാവസ്ഥ താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ചയായി. പാതിക്കാട് - കവളിമാവ് റോഡ്,ഹോസ്പിറ്റൽ പടി -കൊച്ചുപറമ്പ് റോഡ്, തവളപ്പാറ - മുക്കൂർ റോഡ്, നീലമ്പാറ - പുല്ലുകുത്തി റോഡ് എന്നിവ അടിയന്തരമായി നന്നാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയൽ ആവശ്യപ്പെട്ടു.കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്രദുരിതമാണെന്നും ഇരുചക്ര വാഹനങ്ങൾ നിരവധി തവണ അപകടത്തിൽപ്പെട്ടെന്നും പരാതി ഉയർന്നു.ആനിക്കാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമാവുന്ന കോഴിമണ്ണിൽ കടവിലുള്ള പദ്ധതി എത്രയും പെട്ടെന്ന് പൂർത്തിയാകണമെന്നും ആവശ്യമുയർന്നു.മല്ലപ്പള്ളി- തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് വളവും കയറ്റവുമുള്ള സ്ഥലത്തെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്നുള്ള മുൻ യോഗത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചതായി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രി ജംഗ്ഷനും മങ്കുഴിപ്പടിക്കും മദ്ധ്യേ സി എം എസ് എൽ പി സ്കൂളിന് സമീപം പുതിയ ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് മൈത്രി റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.തിരുവല്ല ഭാഗത്ത് നിന്ന് വരുന്ന ബസുകൾ മൂശാരിക്കവലയ്ക്ക് സമീപത്തെത്തുമ്പോൾ വേഗത കൂട്ടുന്നുവെന്നും എന്നാൽ തിരിച്ചുപോകുമ്പോൾ വളരെ വേഗത കുറച്ചാണെന്നും സമിതിയംഗം അലക്സ് കണ്ണമല പരാതിപ്പെട്ടു. തിരുവല്ല -റാന്നി റോഡിൽ അങ്ങാടിപ്പടിക്ക് സമീപം ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി.പി. എബ്രഹാം ആവശ്യപ്പെട്ടു യോഗത്തിൽ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്,കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, തഹസിൽദാർ ജോസ്.കെ.ഈപ്പൻ, ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ഡാനിയേൽ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ശ്രീകുമാർ,എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി.പി. എബ്രഹാം,പുറമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി ജോൺ, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ,കെ.എം.എം.സലിം, ഹബീബ് റാവുത്തർ,ബിനു വർഗീസ്,അലക്സ് കണ്ണമല ,ശശികുമാർ ചെമ്പുകുഴിയിൽ,ബാബു പാലയ്ക്കൽ,ഡെപ്യൂട്ടി തഹസിൽദാർ ജൂലി.എം.സി, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.