ചെങ്ങന്നൂർ: പേരിശേരി -ചെറിയനാട് റോഡിൽ മഠത്തുംപടി റെയിൽവേ ലെവൽ ക്രോസിൽ ദുരിതം ഒഴിയാതെ വാഹന യാത്രികർ. ഇവിടെ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റേയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ വാഹനങ്ങൾക്കു കടന്നുപോകണമെങ്കിൽ മിനിട്ടുകൾ വൈകും. അടിയന്തരഘട്ടത്തിൽ രോഗിയുമായി എത്തുന്ന ആംബുലൻസുകളാണ് കുടുങ്ങിപ്പോകുന്നത് ഏറെയും. അപ്പോഴെക്കും അത്യാഹിതത്തിന്റെ വ്യാപ്തി വർദ്ധിച്ചിരിക്കും. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രണ്ടാഴ്ച മുൻപ് ഇതേ വഴിയിൽ ആലാ ഭാഗത്ത് കുട്ടികളുമായെത്തിയ സ്കൂൾ ബസിനു തീപിടിച്ചത്. സംഭവം നടന്ന് ചെങ്ങന്നൂർ അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ റെയിൽവേ ഗേറ്റിൽഏറനേരം കുടുങ്ങി.കോട്ടയം വഴിയുള്ള തീവണ്ടികളുടെ തിരക്കേറിയ റൂട്ടാണിത്. രാവിലെ തെക്കോട്ടും വടക്കോട്ടും തീവണ്ടികൾ ഇടവിട്ടു സഞ്ചരിക്കുന്നുണ്ട്. ഈ സമയമത്രയും ഗേറ്റ് അടയ്ക്കും.
ഓട്ടോമാറ്റിക്ക് ലോക്ക്സംവിധാനം
ഗേറ്റിന്റെ ലോക്കു വീണാൽ വണ്ടി കടന്നുപോയശേഷമേ തുറക്കുകയുള്ളു . ഓട്ടോമാറ്റിക്ക് സംവിധാനത്തിലുടെയാണ് ഇതു പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ അത്യാഹിതമാണെന്നു പറഞ്ഞാലും ഗേറ്റ് തുറക്കാനാവില്ല. റെയിൽവേ ഗേറ്റ് കീപ്പർമാരും നിസഹായരാകും ഇതിന്റെ പേരിൽ റെയിൽവെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. ലെവൽക്രോസുകൾ റെയിൽവേ അവസാനിപ്പിക്കുകയാണെന്നും പകരം അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കുമെന്നും റെയിൽവേ പറയുന്നുണ്ടെങ്കിലും മഠത്തുപടിയുടെ കാര്യത്തിൽ തീരുമാനമായില്ല.
.........................................
പേരിശേരി -ചെങ്ങന്നൂർ സമാന്തരപാത വേണമെന്ന ആവശ്യം ശക്തമാണ്. യാത്രക്കാരെയുംകൊണ്ട് പെട്ടെന്ന് ഈ വഴി പോകുവാൻ ബുദ്ധിമുട്ടാണ്.
ശശിക്കുട്ടൻ
ഓട്ടോ ഡ്രൈവർ
............................................
വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് മേൽപ്പാലം , എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണം
ബിജു പേരിശ്ശേരി
(നാട്ടുകാരൻ)