പത്തനംതിട്ട : ഒന്നാംമോദി സർക്കാരിന്റെ കാലത്ത് 2018 -19 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയപാത പദ്ധതി വിശദരൂപരേഖ (ഡി.പി.ആർ) പോലും തയ്യാറാക്കാതെ മെല്ലപ്പോക്കിൽ. മുംബൈ ആസ്ഥാനമായ സ്വകാര്യ കൺസൾട്ടൻസിയെയാണ് ഡി.പി.ആർ തയ്യാറാക്കാൻ ഏൽപ്പിച്ചിരുന്നത്. സ്ഥലം ഏറ്റെടുക്കലിനുള്ള സർവെ നമ്പരുകൾ ഉൾപ്പെടെ ഡി.പി.ആറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ദേശീയപാത അതോറിറ്റി കമ്പനിക്ക് പല തവണ നോട്ടീസ് നൽകിയെങ്കിലും നടപടികൾക്ക് വേഗതയില്ല. കഴിഞ്ഞ ഒക്ടോബർ വരെ ഡി.പി.ആർ സമർപ്പിക്കാനുള്ള തീയതി നീട്ടി നൽകി. തുടർനടപടികൾ കേന്ദ്ര ഗതാഗത മന്ത്രാലയം സ്വീകരിക്കുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
ഡി.പി.ആർ സമർപ്പിച്ച് പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കൽ ഘട്ടമെത്താൻ വേറെയും കടമ്പകളുണ്ട്. റോഡ് വീതി കൂട്ടലും പുതിയ ബൈപ്പാസുകളുമാണ് പദ്ധതിയിലുള്ളത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ സർവെ നമ്പർ ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണം. തുടർന്ന് സ്ഥലം ഉടമകൾക്ക് നോട്ടീസ് നൽകുകയും തർക്കങ്ങൾ പരിഹരിക്കുകയും വേണം. ഇത്രയും നടപടികൾ പൂർത്തിയാക്കാൻ രണ്ടുവർഷത്തോളം വേണ്ടി വരുമെന്നാണ് ദേശീയപാത അധികൃതർ പറയുന്നത്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്ന് തുടങ്ങുന്ന അഞ്ച് കിലോമീറ്റർ സ്ഥലത്തെ സർവെ നമ്പരുകൾ അടങ്ങിയ റിപ്പോർട്ട് മാത്രമാണ് കൺസൾട്ടൻസി കമ്പനി ദേശീയ പാത അതോറിറ്റിക്ക് നൽകിയത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന ബാക്കി ദൂരം നൂറ് കിലോമീറ്ററുകളിലേറെയുണ്ട്.
ബൈപ്പാസുകളുടെ ഭാഗത്ത് അലൈൻമെന്റിൽ വന്ന മാറ്റം കാരണമാണ് റിപ്പോർട്ട് വവൈകുന്നതെന്ന് കമ്പനി ദേശീയ പാത അതോറിറ്റിയെ അറിയിച്ചിരുന്നു. നേരത്തെ 30 മീറ്റർ വീതിയിൽ നാല് വരി ബൈപ്പാസ് എന്നായിരുന്നു നിർദേശം. സ്ഥലം ഏറ്റെടുപ്പിന് തടസമുണ്ടാകാതിരിക്കാൻ 18 മീറ്റർ വീതിയിൽ രണ്ടുവരിയായി കുറച്ചു. ഇതിന്റെ അലൈൻമെന്റ് പൂർത്തിയാകാനുണ്ട്.
ഡൽഹിയിൽ യോഗം
ബൈപ്പാസ് അലൈൻമെന്റിൽ വീതികുറച്ചതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഡൽഹിയിൽ ഉടനെ യോഗം ചേരും. ഇൗ ഭാഗങ്ങളിൽ വീണ്ടും സർവെ നടത്തണമെന്ന് കൺസൾട്ടൻസി ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
ഭരണിക്കാവ് - മുണ്ടക്കയം
നീളം : 116 കിലോമീറ്റർ
വീതി 16 മീറ്റർ, രണ്ടുവരി പാത
ബൈപ്പാസുകൾ : 18 മീറ്റർ, രണ്ടു വരി
2018-19ൽ അംഗീകരിച്ച ചെലവ് :1600 കോടി
ബൈപ്പാസുകളുടെ അലൈൻമെന്റ് ഉടനെ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ കൺസൾട്ടൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാത അതോറിറ്റി