കോന്നി: മാങ്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ലാപ്ടോപ്പുകൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് സൈബർ സെൽ നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 28 ന് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കമ്പ്യൂട്ടർ ലാബിന്റെ പൂട്ട് പൊളിച്ചനിലയിൽ കണ്ടെത്തിയതിന് തുടർന്നാണ് സ്കൂൾ അധികൃതർ കൂടൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് പരിശോധന നടത്തിയപ്പോൾ സാധനങ്ങൾ നഷ്ടപ്പെട്ടില്ലെന്നാണ് അന്ന് ജീവനക്കാർ പറഞ്ഞത്. കമ്പ്യൂട്ടറുകൾ സൂക്ഷിച്ചിരുന്ന അലമാര പൂട്ടിയിരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ അധികൃതർ 6 ലാപ്ടോപ്പുകൾ കാണാനില്ലെന്ന് പൊലീസി‌ൽ പരാതി നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത് എന്ന് കണ്ടെത്തിയിരുന്നു. മോഷണം പോയ ലാപ്ടോപ്പുകൾ പ്രവർത്തിപ്പിക്കുമ്പോൾ വിവരം അറിയാൻ കഴിയും എന്ന നിഗമനത്തിലാണ് സൈബർ സെൽ. അസർ കമ്പനിയുടെ ലാപ്ടോപ്പുകൾ ആണ് മോഷണം പോയത്. കമ്പനി അധികൃതരെയും വിവരമറിയിച്ചിട്ടുണ്ട്. ലാപ്ടോപ്പുകൾ ഓൺ ആയാൽ കമ്പനി അധികൃതർക്കും വിവരമറിയാൻ കഴിയും. പൊളിച്ച് വിറ്റാൽ ഹാർഡ് ഡിസ്ക് ഉപയോഗിക്കുമ്പോൾ കണ്ടെത്താൻ കഴിയുമെന്നും പൊലീസ് കരുതുന്നു.