പത്തനംതിട്ട: കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് പി ഉമ്മന്റെ കുടുംബത്തിനും പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് ശശിധരന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി വീണാ ജോർജ് വീടുകളിലെത്തി കൈമാറി. 14 ലക്ഷം രൂപയുടെ ചെക്കാണ് ഇവർക്ക് നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം, വ്യവസായി എം.എ.യൂസഫലി അഞ്ച് ലക്ഷം, നോർക്ക ഡയറക്ടർ രവി പിള്ള രണ്ട് ലക്ഷം, ലോകകേരള സഭാംഗം ബാബു സ്റ്റീഫൻ രണ്ട് ലക്ഷം എന്നിങ്ങനെ 9 ലക്ഷമാണ് ധനസഹായമായി നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, അഡ്വ. മാത്യു ടി തോമസ് എം.എൽ.എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെന്റർ മാനേജർ സഫറുള്ള എന്നിവരും മന്ത്രിക്കൊപ്പം പങ്കെടുത്തു.