തിരുവല്ല : തകർന്നു കിടക്കുന്ന റോഡിൽ വാഴനട്ട് വിവേകാനന്ദ ഗ്രാമസേവ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. കുറ്റൂർ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രയാറ്റ് - റെയിൽവേ ഗേറ്റ് റോഡാണ് ഏറെക്കാലമായി തകർന്ന് കിടക്കുന്നത്. നിലവിൽ വെള്ളക്കെട്ട് മൂലം റോഡിലൂടെ നടക്കാൻ പോലും ഇടമില്ല. കൊച്ചുകുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു. റോഡിന്റെ നിർമ്മാണം ഉടനെ ആരംഭിച്ചില്ലെങ്കിൽ വൻ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് തീരുമാനം. വിവേകാനന്ദ ഗ്രാമ സേവ സമിതി പ്രസിഡന്റ് രതീഷ്ശർമ്മൻ, രക്ഷാധികാരികളായ എ.ആർ. ശശിധരൻ, സുരേഷ് കുമാർ എന്നിവർ നേതൃത്വംനൽകി.