തിരുവല്ല : കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് പി.ഉമ്മന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി വീണാ ജോർജ് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ചെക്കാണ് തോമസ് പി.ഉമ്മന്റെ ഭാര്യ മറിയാമ്മ ജോണികുട്ടിക്ക് നൽകിയത്. പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. മാത്യു ടി.തോമസ് എം.എൽ.എ, ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ, നോർക്ക റൂട്ട്സ് തിരുവനന്തപുരം സെൻറർ മാനേജർ സഫറുള്ള, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി ആന്റണി, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.കെ പൊന്നപ്പൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.