പത്തനംതിട്ട : ജില്ലാ പഞ്ചായത്തും ആറന്മുള പള്ളിയോട സേവാസംഘവും സംയുക്തമായി 13,14 തീയതികളിൽ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരിയുടെ പടിഞ്ഞാറൻ മേഖലാതല ആലോചനായോഗം പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ ഉദ്ഘാടനം ചെയ്തു. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ ഉത്രട്ടാതി വള്ളംകളിയുടെയും വള്ളസദ്യ വഴിപാടു കളുടെയും ജീവിതതാളം വഞ്ചിപ്പാട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഉമയാറ്റുകര കരയോഗം പ്രസിഡന്റ് അജി ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാസംഘം ഖജാൻജി രമേശ് മാലിമേൽ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ശശികുമാർ, ബി.കൃഷ്ണകുമാർ, ഡോ.സുരേഷ് ബാബു, കരയോഗം സെക്രട്ടറി പി.എം.ജയകുമാർ എന്നിവർ പ്രസംഗിച്ചു. 16ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ വഞ്ചിപ്പാട്ട് സമർപ്പണം നടക്കും.