നാരങ്ങാനം:നടന്നു പോകാൻ പോലും കഴിയാത്ത തരത്തിൽ തകർന്നു കിടക്കുന്ന ഈ വഴിയരികിൽ താമസിക്കുന്നത് പതിനഞ്ചോളം വീടുകളിലുള്ളവരാണ്. നാരങ്ങാനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന വളഞ്ഞിലേക്ക് മഠത്തുംപടി റോഡിനാണ് ഈ ദുർഗതി. രോഗികളെ പ്രധാന റോഡായ കടമ്മനിട്ട കോഴഞ്ചേരി റോഡിൽ എത്തിച്ചാലെ ആശുപത്രിയിലെത്തിക്കാൻ പോലുമാകു. നാലുപേർ കൂടി എടുത്താണ് രോഗികളെ റോഡിലെത്തിക്കുന്നത്.വൈദ്യുതി ലൈൻ ഉണ്ടെങ്കിലും വഴിവിളക്കില്ല. ഈ വഴിയുടെ മദ്ധ്യഭാഗത്തായി വലിയ മൂന്ന് ആഞ്ഞിലി മരങ്ങൾ നിൽക്കുന്നതും വഴിക്ക് തടസമാകുന്നു. നടന്നുകയറി പോകാനെങ്കിലും കഴിയുന്ന രീതിയിൽ ഈ വഴി നന്നാക്കി തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. രണ്ട് വർഷം മുമ്പ് വെട്ടിയ റോഡാണിതെന്ന് വാർഡ് മെമ്പർ സുനിത പറഞ്ഞു. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്. വഴിയിൽ തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് അനുമതിക്കായി കളക്ടർക്കും അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് റോഡിന്റെ പുന:രുദ്ധാരണത്തിന് നടപടി ഉണ്ടാകും.