1
ആനിക്കാട് പഞ്ചായത്തിൽ പ്ലാക്കൽ അബ്ദുൾ ഖാദറിൻ്റെ പുരയിടത്തിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ.

മല്ലപ്പള്ളി: താലൂക്ക് പ്രദേശത്തെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം വർദ്ധിച്ചതോടെ പ്രദേശത്തെ കർഷകർ ദുരിതത്തിൽ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ പച്ചക്കറികളെല്ലാം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു തുടങ്ങി. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താൻ ശ്രമിച്ചാൽ ആക്രമണം ഉറപ്പ്. കാട്ടുപന്നികളും മുള്ളൻപന്നികളുമാണ് ഇതിൽ വില്ലന്മാർ. കാട്ടുപന്നികളെ പകൽ സമയത്തുപോലും പാതയോരങ്ങളിൽ കാണാം. വീടിന് ചുറ്റും നട്ടുവളർത്തിയ കിഴങ്ങ് വർഗങ്ങൾ പോലും ഇവർ വെറുതെ വിടാറില്ല. ഇക്കഴിഞ്ഞ മേയ് മാസത്തിൽ പടുതോട് - എഴുമറ്റൂർ റോഡിൽ പുറ്റത്താനിക്ക് സമീപം എഴുമറ്റൂർ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരിയെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നാല് മാസങ്ങൾക്കിടയിൽ കാട്ടുപന്നിയുടെ ആക്രമണം ഇരുചക്രവാഹന യാത്രക്കാർ നേരിട്ടത് മൂന്ന് തവണ. മാസങ്ങൾക്ക് മുമ്പ് കല്ലൂപ്പാറ പഞ്ചായത്തിലെ തുരുത്തിക്കാട് സ്വദേശി രാജീവിന്റെ 300 മൂട് വാഴയാണ് ഒറ്റ രാത്രി കൊണ്ട് കാട്ടുപന്നി നശിപ്പിച്ചത്. എഴുമറ്റൂർ പഞ്ചായത്തിൽ എഴുമറ്റൂർ സ്വദേശി രാജപ്പൻ പാട്ടത്തിന് എടുത്ത ഒന്നര ഏക്കർ ഭൂമിയിലെ വാഴയും, മരച്ചീനിയും പച്ചക്കറികളും ഒരു മാസത്തിന് മുമ്പ് കാട്ടുപന്നി വിളവെടുത്തു.ആനിക്കാട് പഞ്ചായത്തിൽ പുല്ലുകുത്തി സ്വദേശി മോഹനന്റെയും രണ്ട് ഏക്കർ വരുന്ന ഭൂമിയിലെ ചേനയും, മരച്ചീനിയും, ഏത്തവാഴയും കാട്ടുപന്നി ആക്രമണത്തിൽ പൂർണ്ണമായി നശിപ്പിച്ചു. മല്ലപ്പള്ളി, കോട്ടാങ്ങൽ , കൊറ്റനാട് പഞ്ചായത്തുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

.......................................................

കാട്ടുമൃഗങ്ങൾ മൂലമുണ്ടാകുന്ന കൃഷിനാശത്തിന് തുച്ഛമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് ലഭിക്കണമെങ്കിൽ നൂലാമാലകൾ വേറെയും. അതുകൊണ്ട് തന്നെ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാറില്ല.

മോഹനൻ

(കൊല്ലകുന്നേൽ

പുല്ലുകുത്തി സ്വദേശി)​

................................

കാട്ടുപന്നിയെ വെടിവച്ചു കൊന്നു

ആനിക്കാട് പഞ്ചായത്ത്‌ ആറാം വാർഡിൽ പ്ലാക്കൽ അബ്ദുൽ ഖാദറിന്റെ പുരയിടത്തിൽ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. 45 കിലോയോളം തൂക്കം വരുന്ന ആൺ പന്നിയെ പഞ്ചായത്ത്‌ നിയമിച്ച ഷൂട്ടർ ജോസ് പ്രകാശാണ് വെടിവച്ചത്. പഞ്ചായത്ത്‌ വാർഡ് മെമ്പർ ലിൻസി തോമസ്, സന്തോഷ്‌ കുര്യാളാനിക്കൽ, മുസ്‌തഫ മണ്ണാറുതോട്ടത്തിൽ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നിയെ ശാസ്ത്രീയമായ രീതിയിൽ മറവ് ചെയ്തു.

.............................

4 മാസത്തിനുള്ളിൽ 3തവണ ആക്രമണം

ആനിക്കാട് സ്വദേശിയുടെ 300 വാഴകൾ നശിപ്പിച്ചു