ചെങ്ങന്നൂർ : സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2023-24 വർഷത്തെ വനമിത്ര അവാർഡ് (ആലപ്പുഴ ജില്ല) ക്രിസ്ത്യൻ കോളേജിന്. പരിസ്ഥിതി ജൈവവൈവിദ്ധ്യസംരക്ഷണ രംഗത്തെ കോളേജിന്റെ മികച്ച സംഭാവനകൾ പരിഗണിച്ച് ലഭിച്ചിരിക്കുന്ന അവാർഡ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി എ. കെ.ശശീന്ദ്രനിൽ നിന്നും കോളേജ് പ്രിൻസിപ്പൽ പ്രൊഫ.റൂബി മാത്യു, ഭൂമിത്രസേന ക്ലബ് കൺവീനർ ഡോ. ആർ.അഭിലാഷ്, ജൈവവൈവിദ്ധ്യ ക്ലബ് കൺവീനർ പ്രൊഫ. ബിജി ഏബ്രഹാം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ജൈവവൈവിദ്ധ്യ ക്ലബിന്റെ മേൽനോട്ടത്തിൽ ശാന്തിസ്ഥൽ എന്ന സംരക്ഷിത പ്രദേശത്ത്, പാച്ചോറ്റി, കമ്പകം, സമുദ്രക്കായ്, കുടകപ്പാല, കടമ്പ്, കായാമ്പൂ, നീർമാതളം, അകിൽ എന്നീ വൃക്ഷങ്ങളും പൂമരങ്ങളും, നക്ഷത്ര വനവും ഒക്കെ തണൽ വിരിക്കുന്നു. ആലപ്പുഴ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെ സഹായത്തോടെ കോളേജിൽ സ്ഥാപിക്കപ്പെട്ട മിയാവാക്കി മാതൃകയിലുള്ള വിദ്യാവനത്തിൽ 128 ഇനങ്ങളിൽ പെട്ട 347 വൃക്ഷത്തൈകൾ ആരോഗ്യത്തോടെ വളരുന്നു. വിവിധ ഇനം മുളകൾ, ഫലവൃക്ഷങ്ങൾ സോമലത, സമുദ്രപ്പച്ച, കരളകം, കസ്തൂരി വെണ്ട, അരൂത എന്നിങ്ങനെ നൂറോളം ഔഷധസസ്യങ്ങളുടെ ഒരു ഉദ്യാനം എന്നിവയെല്ലാം ക്യാമ്പസിൽ ഉണ്ട്. ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ നാട്ടുപക്ഷികളുടെ കണക്കെടുപ്പ്, ആയിരംതെങ്ങ്, അന്ധകാരനഴി പ്രദേശങ്ങളിൽ നടത്തിയ കണ്ടൽ പഠന - സംരക്ഷണ പ്രവർത്തനങ്ങൾ, ഭിന്നശേഷി വിദ്യാർത്ഥികളെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് കൈപിടിച്ച് നടത്തിയ അമൃതം ഹരിതം പദ്ധതി, പച്ചക്കിളിക്കൂട്ടം എന്നപേരിൽ നടത്തിയ പ്രകൃതി പഠന ക്യാമ്പുകൾ, ഊത്തപിടിത്തം, കാട്ടുതീ, പ്ലാസ്റ്റിക് ദുരുപയോഗം എന്നിവ സംബന്ധിച്ച് തയാറാക്കിയ അവബോധ പോസ്റ്ററുകൾ, വനം വകുപ്പ്, ജൈവവൈവിദ്ധ്യബോർഡ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, ഡബ്ല്യൂ. ഡബ്ല്യൂ. എഫ്., ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ വ്യത്യസ്തങ്ങളായ നിരവധി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ കോളേജിന് കഴിഞ്ഞിട്ടുണ്ട്.