aid
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ്

പത്തനംതിട്ട : സ്കൂൾ തുറന്നിട്ട് ഒരുമാസം പിന്നിട്ടതോടെ നഗരസഭാ സ്റ്റാൻഡിൽ വിദ്യാർത്ഥി സംഘർഷം പതിവായി. സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റുണ്ടെങ്കിലും പൊലീസില്ല. നേരത്തെ വിദ്യാർത്ഥികളുടെ സംഘർഷം പതിവായതോടെ ഇവിടെ പൊലീസ് വേണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് രണ്ട് പൊലീസുകാരെ എല്ലാ ദിവസവും എയ്ഡ് പോസ്റ്റിലേക്ക് അയയ്ക്കുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ വീണ്ടും സംഘർഷം നടക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കുന്ന സ്റ്റാൻഡിലെ കമ്പിയും പലകയും എടുത്ത് പരസ്പരം അടിക്കാനും ശ്രമമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നടന്ന വിദ്യാർത്ഥി സംഘർഷം നിർമ്മാണ തൊഴിലാളികളടക്കം തടഞ്ഞതിനാലാണ് അപകടം ഒഴിവായത്. ബസ് സ്റ്റാൻഡിൽ കഞ്ചാവ്, മയക്കുമരുന്ന് വില്പനയും നടക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. പ്രണയത്തിന്റെ പേരിലും സംഘർഷമുണ്ടാകാറുണ്ട്. വിദ്യാർത്ഥികളും പുറത്തുനിന്ന് എത്തുന്നവരും തമ്മിലും സംഘർഷമുണ്ട്. വ്യാപാരികൾക്കും യാത്രക്കാർക്കും ഇത് ഭീഷണിയായി മാറുകയാണ്. അക്രമത്തിനിടെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ നശിപ്പിക്കാറുമുണ്ട്.

പിങ്ക് പൊലീസ് പട്രോളിംഗ് നടത്താറുണ്ടെങ്കിലും വനിതകളായ ഇവർ പറഞ്ഞാൽ വിദ്യാർത്ഥികൾ അനുസരിക്കാറില്ല. ഇവരോട് തിരികെ കയർക്കുകയും ചിലരെ അസഭ്യം പറയുകയും ചെയ്യും.