bus

പത്തനംതിട്ട : ഇന്നലെ രാവിലെ 9.40ന് തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന് വേഗതയില്ലാതിരുന്നത് യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. 55 മിനിട്ടുകൊണ്ട് പത്തനംതിട്ടയിൽ എത്തേണ്ട ബസ് ഒന്നര മണിക്കൂർ വൈകി. എൻജിൻ തകരാർ കാരണമാണ് വേഗത കുറഞ്ഞതെന്ന് ജീവനക്കാർ പറഞ്ഞു. തിരുവല്ല ഡിപ്പോയിലെ ആർ.എസ് 730 ഫാസ്റ്റ് പാസഞ്ചർ ബസാണ് യാത്രക്കാരെ വലച്ചത്. പത്തനംതിട്ടയിൽ വിവിധ ഒാഫീസുകളിലെത്തേണ്ട ജീവനക്കാർ ബസിലുണ്ടായിരുന്നു. വേഗക്കുറവ് കാരണം പിന്നാലെവന്ന സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സിയെ മറികടന്നു പോയി. കെ.എസ്.ആർ.ടി.സിയുടെ പരാതി അറിയിക്കാനുളള ഒാൺലൈൻ ഫോൺ നമ്പരിലേക്ക് യാത്രക്കാർ വിളിച്ച് പരാതിപ്പെട്ടു. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ എത്തുന്നതിന് മുൻപ് ചുവന്ന സിഗ്നൽ വീണപ്പോൾ യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങി നടന്ന് കളക്ടറേറ്റിലേക്കും മറ്റും പോയി. പച്ച സിഗ്നൽ കടന്ന് സ്റ്റോപ്പിൽ ബസ് എത്തുന്നതിന് മുൻപ് യാത്രക്കാർ കളക്ടറേറ്റിലെത്തി. ബസിന്റെ വേഗക്കുറവ് കാരണം യാത്രക്കാർക്ക് അരമണിക്കൂറിലേറെ വൈകിയാണ് ഒാഫീസുകളിലെത്താനായത്.