തിരുവല്ല : നിരണത്ത് നിന്ന് രണ്ടാമതൊരു ചുണ്ടൻവള്ളം കൂടി നിർമ്മാണത്തിന് ഒരുങ്ങുന്നു. പള്ളിയോടങ്ങൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിൽ ഒന്നരവർഷം മുമ്പാണ് ആദ്യത്തെ ചുണ്ടൻ വള്ളം പിറവിയെടുത്തത്. സ്ഥലത്തിന്റെ നാമധേയത്തിൽ പേരുകേട്ട നിരണം ചുണ്ടനാണ് ജനകീയ കൂട്ടായ്മയിൽ നിർമ്മിച്ച ആദ്യചുണ്ടൻ. കഴിഞ്ഞ നെഹ്‌റുട്രോഫി മത്സര വള്ളംകളിയിൽ ഉൾപ്പെടെ കരുത്തുറ്റ പോരാട്ടം കാഴ്ചവച്ച് നിരണം ചുണ്ടൻ ജലമേളയിലെ സ്റ്റാറായി. നിരണം ചുണ്ടന്റെ വിജയത്തിൽ ആഹ്ലാദഭരിതരായ നാട്ടുകാർ നിരണത്തിന്റെ മണ്ണിൽ നിന്ന് മറ്റൊരു ചുണ്ടൻവള്ളം കൂടി നിർമ്മിക്കാൻ ഒരുക്കം തുടങ്ങി.
'പുണ്യാളൻ നിരണം' എന്ന പേരിലാണ് പുതിയ ചുണ്ടൻ വള്ളത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. വള്ളത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ തടി അടൂർ പറക്കോട് നിന്ന് നിരണം ഇരതോട്ടിൽ എത്തിച്ചു. പുതിയ ചുണ്ടന്റെ നിർമ്മാണത്തിനായി പമ്പയാറിന്റെ തീരത്ത് വള്ളപ്പുരയും ഒരുങ്ങുകയാണ്. നിരണം ജംഗ്‌ഷനിൽ നിന്ന് നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ആഘോഷമായി ആഞ്ഞിലിത്തടി പണിപ്പുരയിൽ എത്തിച്ചത്.
ഡിസംബറിൽ നീരണിയും
കരക്കാരുടെ ഉടമസ്ഥതയിലാണ് ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം. ഡിസംബറിൽ പുത്തൻ ചുണ്ടൻ നീരണിയിക്കാൻ ലക്ഷ്യമിട്ട് ഉടൻ നിർമ്മാണം ആരംഭിക്കും. അടുത്ത സീസണിലെ നെഹ്‌റുട്രോഫി വള്ളംകളിയിൽ 'നിരണത്തെ പുണ്യാളനെ' പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണത്തിലൂടെ പ്രശസ്തനായ കോയിൽമുക്ക് നാരായണൻ ആചാരിയുടെ മകൻ സാബു ആശാരിയാണ് പുതിയ ചുണ്ടൻ പണിയുന്നത്. 128 അടി നീളവും മദ്ധ്യത്തിൽ 63 ഇഞ്ച് വീതിയുമുണ്ടാകും. 850 ക്യൂബിക് ആഞ്ഞിലിത്തടിയാണ് പുത്തൻ ചുണ്ടനായി എത്തിച്ചിട്ടുള്ളത്. 85 തുഴക്കാർ, അഞ്ച് പങ്കായം, ഏഴ് നിലക്കാർ ഉൾപ്പെടെ ചുണ്ടനെ നയിക്കും. വള്ളസമിതി പ്രസിഡന്റ് റെന്നി ഫിലിപ്പോസ്, സെക്രട്ടറി റജി കുരുവിള, കെ.എം.കുഞ്ഞുമോൻ, ഷാജഹാൻ, അജിത് എന്നിവർ നേതൃത്വം നൽകി.
ചുണ്ടൻ നിർമ്മാണത്തിന് 45 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കരക്കാരിൽ നിന്ന് സംഭാവന കൂടാതെ 5000 രൂപയുടെ ഷെയർ വിൽപ്പന നടത്തി വരുമാനം കണ്ടെത്തും.