തിരുവല്ല : ജില്ലാ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ ആസ്ഥാനമായ നാഷണൽ ബ്യൂറോ ഒഫ് അഗ്രികൾച്ചറൽ ഇൻസ്‌പെക്ടർ റിസോഴ്‌സസിന്റെ സാമ്പത്തിക സഹായത്തോടെ പട്ടികജാതി ഉപപദ്ധതിപ്രകാരം കോഴിവളർത്തൽ യൂണിറ്റുകൾ ആരംഭിച്ചു. ഇരവിപേരൂർ പഞ്ചായത്തിലെ ചെങ്ങമൺ വാർഡിലാണ് പദ്ധതി നടപ്പാക്കിയത്. പട്ടികജാതി വിഭാഗത്തിലെ 15പേർക്ക് വീട്ടുവളപ്പിൽ കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കാനായി ഒരു കോഴിക്കൂടും 10കോഴികളും 10കിലോഗ്രാം കോഴിതീറ്റയും വിതരണം ചെയ്തു. ഇതോടൊപ്പം കോഴികളുടെ ആരോഗ്യ സംരക്ഷണാർത്ഥം മരുന്നുകളും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. വീട്ടുവളപ്പിൽ കോഴി വളർത്തൽ യൂണിറ്റുകൾ ആരംഭിക്കാനായി പരിശീലനങ്ങളും സാങ്കേതിക സഹായങ്ങളും ഉല്പാദന ഉപാധികളും വിതരണം ചെയ്തു. കൃഷിവിജ്ഞാന കേന്ദ്രത്തിലെ മൃഗസംരക്ഷണ വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ.സെൻസി മാത്യു പരിശീലനത്തിന് നേതൃത്വം നൽകി. കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.എസ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് സ്‌പെഷലിസ്റ്റ് ഡോ.വിനോദ് മാത്യു, ഫാം മാനേജർ അമ്പിളി വർഗീസ് എന്നിവർ പ്രസംഗിച്ചു.