രാഷ്ട്രീയ പാർട്ടികൾ ഭിന്ന ആശയഗതിക്കാരാണെങ്കിലും എല്ലാവർക്കുമൊരു പൊതുസ്വഭാവമുണ്ട്. എതിർ പാർട്ടിയിലുള്ളയാൾ അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയാലും കേസുകളിൽ പ്രതിയായാലും അയാൾക്കെതിരെ അതിനിശിതമായ വിമർശനങ്ങൾ ഉന്നയിക്കും. അയാൾ പാർട്ടി വിട്ട് ആരോപണം ഉയർത്തിയ പാർട്ടിക്കൊപ്പം ചേർന്നാൽ വിശുദ്ധനാകും. അഴിമതിക്കെതിരെ പോരാടുന്നവനാകും. അതോടെ ക്രിമിനൽ പശ്ചാത്തലം ഇല്ലാതായി നല്ല മനുഷ്യനാകും. ഇതിനെ മറിമായം എന്നു വിശേഷിപ്പിക്കാം. ഇടമലയാർ കേസിൽ മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയെ അതായത്, ഇപ്പോഴത്തെ മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ അച്ഛനെ സുപ്രീംകോടതി ശിക്ഷിച്ചതാണ്. സി.പി.എം പ്രവർത്തകരുടെ കണ്ണും കരളുമായ വി. എസ്. അച്യുതാനന്ദൻ ബാലകൃഷ്ണപിള്ളയ്ക്കെതിരെ നടത്തിയ കടന്നാക്രമണങ്ങൾ രാഷ്ട്രീയ ചരിത്രത്തിൽ മറക്കാത്ത ഏടാണ്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യ സംസ്ഥാന മന്ത്രിയായ ബാലകൃഷ്ണപിള്ള ഇടതുപക്ഷം ചേർന്നപ്പോൾ, അദ്ദേഹം ഇടതുപക്ഷത്തിന് വിശുദ്ധനായി. കേരള കോൺഗ്രസ് ബി ഇടതുപക്ഷത്തെ പിന്തുണച്ച ഇടതുസർക്കാർ കാലത്ത് ബാലകൃഷ്ണപിള്ള മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാനായി.
സി.പി.എമ്മിലെത്തിയത്
കാപ്പാ കേസ് പ്രതി?
രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുതൽ നടന്നിട്ടുള്ള കണ്ണൂരിൽ പ്രതികൾ സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കും ബി.ജെ.പിയിൽ നിന്ന് സി.പി.എമ്മിലേക്കും ചേക്കേറുന്നത് പുത്തരിയല്ല. സി.പി.എമ്മിൽ ചേരുന്നവർ വർഗീയത വെടിഞ്ഞ് പുരോഗമന വാദികളാകും. ബി.ജെ.പിയിൽ ചേരുന്നവർ സി.പി.എം അക്രമം വെടിഞ്ഞ് ദേശീയതയ്ക്കൊപ്പം ചേരുന്നവരാകും. ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് മറുകണ്ടം ചാടുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് വലിയ കാര്യമല്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ ശരൺ ചന്ദ്രൻ എന്നയാൾ ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മിൽ ചേർന്നത്. കുമ്പഴയിൽ നടന്ന വലിയ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും ഉൾപ്പെടുന്ന വലിയ നേതൃ നിരയ്ക്കു മുന്നിലാണ് ശരണും മുപ്പതോളം ആളുകളും സി.പി.എമ്മിന്റെ ചെങ്കൊടി പിടിച്ചത്. മന്ത്രി വീണയടക്കം നേതാക്കൾ ആവേശത്തോടെ ഇൻക്വിലാബ് സിന്ദാബാദ് വിളിച്ചു. പകൽ നടന്ന പരിപാടിയ്ക്ക് മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യം കല്പ്പിച്ചിരുന്നില്ല. ശരണിന്റെ രാഷ്ട്രീയ, ക്രിമിനൽ പശ്ചത്താലം ആരും അന്വേഷിച്ചതുമില്ല. പക്ഷെ, രാത്രിയോടെ ചിത്രം മാറി. സി.പി.എമ്മിൽ ചേർന്നത് കാപ്പാ കേസ് പ്രതിയാണെന്നും മന്ത്രിയടക്കം അയാളെ പാർട്ടിയിലേക്ക് സ്വീകരിച്ചെന്നും സി.പി.എമ്മിൽ തന്നെ വിവാദം പുകഞ്ഞു. സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. മാദ്ധ്യമങ്ങൾക്ക് വാർത്തയായി. കഴിഞ്ഞ വർഷമാണ് ശരൺ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. സാധാരണ നാടുകടത്തലാണ് അടുത്ത നടപടി. ശരൺ നാട്ടിൽത്തന്നെയുണ്ടായിരുന്നു. താക്കീതു നൽകി വിട്ടതാണെന്നും ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടാൽ നാടുകടത്തുമെന്നും പൊലീസ് പറയുന്നു. ഇതിനു ശേഷവും പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊലക്കേസിൽ പ്രതിയുമായി. ഇതോടെ കാപ്പാ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മലയാലപ്പുഴ പൊലീസ് ശരണിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ശരണും ഏതാനും പേരും സി.പി.എമ്മിൽ ചേർന്നത്. സംഭവം ചൂടേറിയ ചർച്ചയായതോടെ സി.പി.എം നേതൃത്വം വിശദീകരണവുമായി രംഗത്തുവന്നു.
മറുകണ്ടം
ചാടുന്ന പ്രവർത്തകർ
കുമ്പഴയിൽ നിന്നും മലയാലപ്പുഴയിൽ നിന്നും സി.പി.എമ്മിനോപ്പം പ്രവർത്തിക്കാൻ എത്തിയവരെക്കുറിച്ച് വലതുപക്ഷ മാദ്ധ്യമങ്ങൾ നടത്തുന്നത് കള്ളപ്രചാരണമാണെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറയുന്നു. വർഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞാണ് ഒരു സംഘം യുവാക്കൾ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം അണിചേർന്നത്. ശരണിനെതിരെ കാപ്പ ചുമത്തപ്പെട്ടിരുന്നു എന്നത് തെറ്റായ വാർത്തയാണെന്നാണ് ഉദയഭാനു പറഞ്ഞത്. എന്നാൽ, ശരണിനെതിരെ കാപ്പ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സി.പി.എമ്മിലേക്ക് വന്നവരിൽ ചിലർ പ്രതികളായത് അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നതുകൊണ്ടാണെന്ന് നേതാക്കൾ ന്യായീകരിക്കുന്നു. നാല് പഞ്ചായത്തിലെ യുവമോർച്ചയുടെ ഭാരവാഹിയായിരുന്നു ശരൺ. രാഷ്ട്രീയ കേസുകൾ മാത്രമാണ് ഇയാൾക്കെതിരെയുള്ളത്. വ്യാജ പ്രചാരണത്തിനെതിരെ ശരൺ ചന്ദ്രൻ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി മുന്നറിയിപ്പിച്ച് നൽകി. പാർട്ടി ഇത്തരം ന്യായീകരണങ്ങളുമായി രംഗത്തു വന്നത് അണികൾക്ക് ദഹിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയകളിലെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി മറ്റു പാർട്ടികളിൽ നിന്ന് സി.പി.എമ്മിലേക്ക് ധാരളം ആളുകളെത്തി. എല്ലാവരെയും മാലയിട്ടു സ്വീകരിച്ചത് ജില്ലാ സെക്രട്ടറി ഉദയഭാനുവാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് സി.പി.എമ്മിലേക്ക് കുത്തൊഴുക്കുപോലെയാണ് ആളുകളെത്തിയത്. അക്കൂട്ടത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് ബാബു ജോർജും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സജി ചാക്കോയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുൻപ് സി.പി.എമ്മിലേക്ക് പല പാർട്ടികളിൽ നിന്നുള്ള പ്രവർത്തകരും കുടുംബങ്ങളും ചേർന്നപ്പോൾ ആന്റോ ആന്റണി വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുമെന്ന് പ്രചരണമുണ്ടായി. ഫലം വന്നപ്പോൾ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ലീഡെടുത്ത് ആന്റോ കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിച്ചു. സി.പി.എമ്മിലേക്ക് വലിയ തോതിൽ ആളുകളെത്തിയപ്പോൾ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോയത് നേതാക്കൾ കണ്ടില്ലേ എന്നാണ് പാർട്ടി അണികൾ സമൂഹമാദ്ധ്യമങ്ങളിൽ ചോദിക്കുന്നത്. പാർട്ടിയിലേക്ക് വന്നവരും അവരുടെ കുടുംബാംഗങ്ങളും വോട്ടു ചെയ്തിരുന്നുവെങ്കിൽ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്ക് നല്ല ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതായിരുന്നുവെന്നും അണികൾ പരിഹസിക്കുന്നു.
ഒരു കാര്യം ഉറപ്പാണ്. പത്തനംതിട്ട ജില്ലയിൽ സി.പി.എമ്മിൽ മുൻപത്തേക്കാൾ അംഗങ്ങളുണ്ട്. പക്ഷെ, എല്ലാവരുടെയും വോട്ടുകൾ പാർട്ടിക്ക് കിട്ടുമെന്ന് ഉറപ്പില്ല. അധികാരത്തിന്റെ തണൽ പറ്റി പലതും നേടിയെടുക്കാനുള്ളവർ പാർട്ടിയുടെ ചുവപ്പണിയും. അധികാരം നഷ്ടപ്പെടുമ്പോൾ കുപ്പായം മാറ്റും. നേരത്തേ, സി.പി.എമ്മിലെ സ്ഥിതി ഇങ്ങനെയല്ലായിരുന്നു. പാർട്ടിയിലേക്ക് വരുന്നവരുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകൾ പാർട്ടിക്ക് തന്നെ കിട്ടുമെന്ന് ഉറപ്പായിരുന്നു. ഇന്നു കാര്യങ്ങൾ മാറി. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കാലത്ത് വോട്ട് ആർക്കു ചെയ്യുമെന്ന് കണ്ടുപിടിക്കാനാവില്ല.