op-block-place
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഒ.പി കെട്ടിടം നിർമ്മിക്കാനായി പഴയകെട്ടിടം പൊളിച്ചുനീക്കിയ നിലയിൽ

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഒ.പി കെട്ടിടത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷം നാലാകുന്നു. കാലപ്പഴക്കമുള്ള കെട്ടിടം പൊളിച്ചു നീക്കി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടില്ല. 2021ലെ സംസ്ഥാന ബഡ്ജറ്റിൽ ഒ.പി. കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് 15കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഇതിന്റെ 20 ശതമാനം തുകയാണ് ആദ്യഘട്ടമായി ബഡ്ജറ്റിൽ അനുവദിച്ചത്. എന്നാൽ നാല് വർഷമായിട്ടും ടെണ്ടർ നടപടി പോലും തുടങ്ങിയിട്ടില്ല. മൂന്ന് നിലകളിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന് സാങ്കേതിക അനുമതിയും ലഭിക്കാനുണ്ട്. ഇതുകൂടി കിട്ടിയാലെ കെട്ടിട നിർമ്മാണത്തിന്റെ ടെണ്ടർ നൽകാനാവൂ. ഇതുകാരണം പഴയകെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്ത് വാഹന പാർക്കിംഗ് അനുവദിച്ചിരിക്കുകയാണ്. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിശദമായ രൂപരേഖയും അന്തിമമായിട്ടില്ല.

ദുരിതത്തിലായി രോഗികൾ

ഈ വിഷയം താലൂക്ക് സഭയിൽ പലവട്ടം ചർച്ച ചെയ്യുകയും സാങ്കേതിക തടസങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണം വൈകുന്നതിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിട്ടും പരിഹാരം അകലെയാണ്. ആശുപത്രി വികസനത്തിന് മുതൽക്കൂട്ടാകാൻ ആരോഗ്യമന്ത്രി സമീപ മണ്ഡലത്തിൽ ഉണ്ടായിട്ടുപോലും ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിൽ പരക്കെ വിമർശനമുണ്ട്. തിരുവല്ല താലൂക്കിനെ കൂടാതെ എടത്വ,തലവടി,പായിപ്പാട്, മാന്നാർ,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നെല്ലാം രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. അടിസ്ഥാന പ്രശ്നങ്ങളിൽപോലും ആശുപത്രിയുടെ പരാധീനത കാരണം രോഗികൾ ദുരിതം അനുഭവിക്കുകയാണ്.

വികസനത്തിന് മാസ്റ്റർ പ്ലാനില്ല
ആശുപത്രിയുടെ വികസനം ലക്ഷ്യമിടുന്ന സമഗ്രമായ മാസ്റ്റർപ്ലാൻ ഇതുവരെയും തയാറാക്കിയിട്ടില്ല. നഗരത്തിൽ ആറ് ഏക്കറിലധികം സ്ഥലം സ്വന്തമായി ഉണ്ടായിട്ടും അങ്ങിങ്ങായി പലകാലങ്ങളിൽ നിർമ്മിച്ച ചെറുതും വലുതുമായ കുറെ കെട്ടിടങ്ങൾ മാത്രമായി നിലകൊള്ളുകയാണ് താലൂക്ക് ആശുപത്രി. അടുത്തകാലത്ത് നിർമ്മിച്ച ഐ.പി ബ്ലോക്കാണ് പ്രധാനകെട്ടിടം. ഏഴുവർഷം മുമ്പ് നിർമ്മാണം തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണികളും പൂർത്തിയായിട്ടില്ല. ഏഴുനില കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന് നിലകളിൽ വൈദ്യുതിയും വെള്ളവും എത്തിയിട്ടില്ല. ഇതുകാരണം രോഗികൾക്കായി മുകളിലത്തെ മുറികൾ തുറന്നു കൊടുത്തിട്ടില്ല.

തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി കെട്ടിടത്തിന്റെ സാങ്കേതിക അനുമതിക്കായി ചീഫ് എൻജിനീയർ ഓഫീസിൽ സൂക്ഷ്മപരിശോധന നടന്നുവരികയാണ്. അതുകഴിഞ്ഞാൽ ടെണ്ടർ ജോലികൾ ആരംഭിക്കാനാകും.
(പൊതുമരാമത്ത് (ബിൽഡിംഗ്‌സ്) വിഭാഗം)​

......................................

15 കോടിയുടെ ഭരണാനുമതി ലഭിച്ചു

4 വർഷമായി ടെണ്ടർ നടപടി തുടങ്ങിയിട്ടില്ല