kanjav

പത്തനംതിട്ട : ജില്ലയുടെ പടിഞ്ഞാറൻ അതിർത്തി ഗ്രാമമായ കോട്ട, വല്ലന എന്നിവിടങ്ങളി​ൽ കഞ്ചാവ് വിൽപന വ്യാപകമെന്ന് പരാതി​. പമ്പാ ഇറിഗേഷന്റെ കനാൽ പാലവും ഒരു ഹോട്ടലും കേന്ദ്രീകരിച്ചാണ് വിൽപന. കോട്ട ജംഗ്ഷനിലെ ഒരു ഹോട്ടലിൽ പൊതിച്ചോറിനുള്ളിലാക്കി​ കഞ്ചാവ് വിൽക്കുന്നതായി വി​വരമുണ്ട് . കഞ്ചാവ് വിൽപ്പനയ്ക്ക് മുൻപ് നിരവധി തവണ പിടിയിലാകുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തയാളാണ് ഹോട്ടൽ ഉടമ. ഇവി​ടെ നി​ന്ന് പൊതിച്ചോറ് വാങ്ങാൻ ജി​ല്ലയ്ക്ക് പുറമെ ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും യുവാക്കൾ എത്തിയതാണ് നാട്ടുകാരിൽ സംശയത്തിനിടയാക്കിയത്. തുടർന്ന് ഇവിടെ നിന്ന് പൊതിച്ചോറുമായി പോയ യുവാവിനെ നാട്ടുകാരിൽ ചിലർ തടഞ്ഞു നിറുത്തി പരിശോധിച്ചതോടെ കഞ്ചാവ് വിൽപ്പനയുടെ രഹസ്യം പുറത്തായി​. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും പരിശോധന നടത്താൻ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ലഹരിയുടെ ഇടനാഴി​യായി​ പി.ഐ.പി കനാൽ

വർഷങ്ങളായി വൃത്തിയാക്കാത്തതുമൂലം കാടും പടലുകളും വളർന്നു നിൽക്കുന്ന പമ്പാ ഇറി​ഗേഷൻ പ്രോജക്ടിന്റെ കനാലും അക്കുഡേറ്റും കേന്ദ്രീകരിച്ചാണ് യുവാക്കളുടെ സംഘം ലഹരി വിൽപ്പനയും ഉപയോഗവും നടത്തുന്നത്. കോട്ട മയ്യാവ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയിലും വല്ലന, കാവുംപടി , മണപ്പള്ളി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും യുവക്കൾ ലഹരി ഉപയോഗത്തിനായി എത്തുന്ന ഇടങ്ങളാണ്. ഇതുമൂലം കനാൽ റോഡിലൂടെയുള്ള യാത്രപോലും സ്ത്രീകളും കുട്ടികളും ഉപേക്ഷിച്ചിരിക്കുകയാണ്.

പൊലീസ് , എക്സൈസ് നിരീക്ഷണമില്ല

പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ കോട്ട, വല്ലന പ്രദേശങ്ങൾ ഇടയാറന്മുള, ഇലവുംതിട്ട, ചെങ്ങന്നൂർ എന്നീ മൂന്ന് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തി പ്രദേശമാണ്. ഇവി​ടെ പൊലീസിന്റെയോ എക്സൈസിന്റെയോ നിരീക്ഷണം വേണ്ടത്ര രീതിയിൽ ഉണ്ടാകുന്നില്ല. ഇതാണ് ഇവിടം കേന്ദ്രീകരിച്ച് ലഹരി വിൽപ്പനയും ഉപയോഗവും വ്യാപകമാകാൻ കാരണമെന്ന് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ രാജൻ പറഞ്ഞു.