ചെങ്ങന്നൂർ : ഇല്ലിമല -മുഴിക്കൽ തോടിന്റെ തകർന്ന സംരക്ഷണ ഭിത്തി യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. ഇല്ലിമല മുഴിക്കൽ തോടിന്റെ തകർന്ന സംരക്ഷണ ഭിത്തി കൂടി ചേർന്ന ചെങ്ങന്നൂർ 25-ാം വാർഡ് , വടക്കേമുറി പാലം അപ്രോച്ച് റോഡ് രണ്ട് വർഷമായിട്ടും പുനർനിർമ്മിക്കാത്തതുകാരണം യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. മഴകൂടി ആരംഭിച്ചതോടെ സുരക്ഷാ ഭീതി ശക്തമായിരിക്കുകയാണ്. ഇവിടെ 10 മീറ്ററോളം ഭാഗത്തെ സംരക്ഷണഭിത്തിയാണ് തോട്ടിലേക്ക് ഇടിഞ്ഞുവീണത്. ഇതിനോട് ചേർന്നുള്ള കോൺക്രീറ്റ് റോഡ് ഇപ്പോൾ യാത്രക്കാർക്ക് പേടിസ്വപ്നമാണ്. ചെങ്ങന്നൂരിലെയും സമീപപ്രദേശങ്ങളിലെയും ഏറ്റവും നീളം കൂടിയ തോടുകളിൽ ഒന്നാണ് ഇല്ലിമല മുഴിക്കൽ തോട് (ഇല്ലിമല കനാൽ) എന്നറിയപ്പെടുന്ന ഇതിന് 12 മീറ്റർ ദൈർഘ്യമുണ്ട്. നാലുപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന തോട് വെള്ളപ്പൊക്കം തടയുന്നതിൽ നിർണായമായ പങ്കാണ് വഹിക്കുന്നത്. തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് പാർശ്വഭിത്തിക്ക് സമീപത്തെ മണ്ണ് നീക്കം ചെയ്താണ് ഇടിയാൻ കാരണമായത്. പുതിയ സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് ജനപ്രതിനിധികൾ അടക്കം അവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ജലസേചനവകുപ്പ് 11.98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ഇത് വീണ്ടും പുതുക്കിയപ്പോൾ 15 ലക്ഷമായി. മൂന്നുമീറ്റർ പൊക്കത്തിൽ കരിങ്കല്ലുകൊണ്ട് നിർമ്മിക്കുന്ന സംരക്ഷണഭിത്തിക്ക് ഒന്നരമീറ്റർ പൊക്കത്തിൽ ഇന്റർമീഡിയറ്റ് ബെൽറ്റും 45 മീറ്റർ കനത്തിൽ കരിങ്കല്ലു പാകുകയും ചെയ്യണം. എന്നാൽ ഇപ്പോൾ ജലസേചനവകുപ്പ് ഫണ്ടില്ലെന്ന് പറഞ്ഞ് ഒഴി വാക്കുകയാണ്.

....................................

പാണ്ടനാട് പഞ്ചായത്തിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ വരാനുള്ള എളുപ്പവഴിയാണ്, രാത്രി ഇതുവഴി വണ്ടിയിൽ പോകുന്നത് ദുഷ്കരമാണ് . ഇതിന്അടിയന്തരമായി പരിഹാരം കാണണം.

രാജേഷ് പാണ്ടനാട്

(പ്രദേശവാസി)​

..............................

തോടിന് 12 മീറ്റർ ദൈർഘ്യം

10 മീറ്റർ തകർന്നു

4 പഞ്ചായത്തുകളിൽക്കൂടി കടന്നുപോകുന്ന തോട്