മെഴുവേലി : അമ്പലക്കടവ് - കുഴിക്കാല റോഡിൽ കാൽനട പോലും പ്രയാസം. ചെറിയ കുളങ്ങൾ പോലെ രൂപപ്പെട്ടിട്ടുള്ള ഗട്ടറുകൾ അപകടക്കെണികളാകുന്നു. കോഴഞ്ചേരി - അമ്പലക്കടവ് പ്രധാന റോഡിലെ കുഴിക്കാല മുതൽ അമ്പലക്കടവ് വരെയുള്ള ഭാഗം ഗതാഗത തിരക്കേറിയ ഇടമാണ്. ഇലവുംതിട്ടയിലെ പൊതുചന്തയിലും ചെന്നീർക്കരയിലും മെഴുവേലിയിലുമുള്ള സ്‌കൂൾ, കോളേജ്, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്താൻ ആളുകൾ പ്രധാനമായും ആശ്രയിക്കുന്ന പാത. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ അപകടത്തിപ്പെടുന്നത് പതിവായി. കൈയ്യംതടം സാൽവേഷൻ ആർമി എൽ.പി സ്‌കൂളിന് സമീപം പ്ലാവിളപടിയിൽ വലിയൊരു ചെളിക്കുളമാണ് ഉള്ളത്. റോഡിലെ കുഴിക്കാല മുതൽ അമ്പലക്കടവ് വരെയുള്ള അപകടക്കെണികൾ ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മഞ്ഞിനിക്കര തീർത്ഥാടനം, മൂലൂർ സ്മാരകം, ഇലവുംതിട്ടയിലെ വാണിജ്യ കായിക വിനോദ രംഗം, ചെന്നീർക്കര, മെഴുവേലി, കുഴിക്കാല, മുട്ടത്തുകോണം സ്‌കൂൾ കോളേജ്, ഐ.ടി.ഐ, ടി.ടി.സി, രാമൻചിറ എന്നിവ ഉപയോഗപ്പെടുത്തി മിനി ഇക്കോ ടൂറിസം പദ്ധതിക്ക് ഉപയുക്തമാണ് റോഡ്.
103 കോടിയിൽ നിന്ന് ഒരു കോടിയിലേക്ക്
2018 -19 വാർഷിക പദ്ധതിയിൽ കിഫ്ബിയിൽ നിന്ന് 103 കോടി റോഡ് വികസനത്തിന് അനുവദിച്ചിരുന്നു. കിഫ്ബി നിബന്ധന പ്രകാരം റോഡിന് 12 മീറ്റർ വീതി വേണം. ഇതിന് അമ്പലക്കടവ് അടക്കമുള്ള പല പ്രദേശങ്ങളിലും സ്ഥലം ഏറ്റെടുക്കുന്നതിൽ തടസങ്ങളുണ്ട്. ഇതേതുടർന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഏഴ് മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്യണമെന്ന നിർദേശമാണ് ഇപ്പോഴുള്ളത്. ഇതിന് ഒരു കോടിയാണ് ചെലവ് കണക്കാക്കിയത്.
റോഡിന്റെ നീളം : 10കി.മി
(മെഴുവേലി, മല്ലപ്പുഴശേരി, കുളനട പഞ്ചായത്തുകളിലൂടെ)
റോഡ് ഏഴു മീറ്റർ വീതിയിൽ അടിയന്തരമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന് മല്ലപ്പുഴശേരി പഞ്ചായത്തിന് കത്തു നൽകിയിട്ടുണ്ട്.
ബെന്നി കുഴിക്കാല,
റോഡ് വികസന സമിതി കൺവീനർ