fathima-
ഫാത്തിമ സുധീർ

പന്തളം : ചെങ്ങന്നൂർ - കല്ലിശേരിയിലെ പമ്പയാറ്റിൽ കാണാതായെന്നു സംശയിക്കുന്ന പന്തളം മങ്ങാരം ആചാരി അയ്യത്ത് പടിഞ്ഞാറ്റയത് എ.ബി സുധീർഖാന്റെ ഭാര്യ ഫാത്തിമ സുധീർ (38)നെ കണ്ടെത്താനായില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ഫാത്തിമയെ കാണാതായത്. ഉച്ചയ്ക്ക് 1.30ന് എം.സി റോഡിൽ ചെങ്ങന്നൂർ കല്ലിശേരിക്ക് പാലത്തിന് സമീപം ഫാത്തിമ ഓടിച്ചിരുന്ന സ്‌കൂട്ടറും സമീപത്തെ പമ്പയാറ്റിലെ കടവിന് സമീപം ഫാത്തിമയുടെ ഫോണും , പണവും പഴ്‌സും ഉൾപ്പെടെ കണ്ടെത്തിയിരുന്നു. യുവതി ആറ്റിൽ ചാടിയതാകാമെന്ന സംശയത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി അഗ്‌നി രക്ഷാ സേനയും, നാട്ടുകാരും, ഈരാറ്റുപേട്ടയിൽ നിന്ന് എത്തിയ പ്രത്യേക മുങ്ങൽ വിദഗ്ധരും തെരച്ചിൽ നടത്തുകയായിരുന്നു. പരിസരത്തുള്ള സി.സി.ടി.വി ക്യാമറയിൽ യുവതി പുഴയിലേക്ക് ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യുവതിക്കായുള്ള തിരച്ചിലിനായി നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.