dx

പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി.. മൈലാടുപാറ സ്വദേശി യദുകൃഷ്ണനെ (21) രണ്ടു ഗ്രാം കഞ്ചാവും വലിക്കാനുപയോഗിക്കുന്ന പൈപ്പുമായി കുമ്പഴയിൽ പാടത്തിനോട് ചേർന്ന റോഡിൽ നിന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ജാമ്യത്തിലിറക്കി കൊണ്ടുപോയത് മലയാലപ്പുഴ ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരാണ്.

ബി.ജെ.പി വിട്ട കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രനും മറ്റ് അറുപതോളം പേരും മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സി.പി.എമ്മിൽ ചേർന്നത്. ഇക്കൂട്ടത്തിൽ യദുകൃഷ്ണനുമുണ്ടായിരുന്നു. കാപ്പാ കേസ് പ്രതിക്കൊപ്പം നിന്ന് മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചു. കാപ്പാ കേസ് പ്രതിയെ സി.പി.എമ്മിലേക്ക് മാലിയിട്ട് സ്വീകരിച്ചത് വിവാദമായതോട‌െ ന്യായീകരണവുമായി മന്ത്രിയും ജില്ലാ സെക്രട്ടറിയും രംഗത്തു വന്നിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നാണ് പാർട്ടി വിശദീകരിച്ചത്. സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയാണ് ശരൺ എന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നതോടെ സി.പി.എം പ്രതിരോധത്തിലായി. ഇതിനു പിന്നാലെയാണ് കഞ്ചാവ് കേസ് പുറത്തു വന്നത്.

ഗൂഢാലോചനയെന്ന്

സി.പി.എം

ആർ.എസ്.എസുകാരും എക്സൈസിലെ ചില ഉദ്യോഗസ്ഥരും ചേർന്നുനടത്തിയ ഗൂഢാലോചനയാണ് യദുകൃഷ്ണന്റെ അറസ്റ്റിന് പിന്നിലെന്ന് സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു പറഞ്ഞു. എക്സൈസുകാർ യദുവിനെ കസ്റ്റഡിയിലെടുത്തത് ഏഴിനാണ്. അപ്പോൾ യദുവിന്റെ പക്കൽ കഞ്ചാവ് ഉണ്ടായിരുന്നില്ല. ഇന്നലെയാണ് എക്സൈസ് വിവരം പുറത്തുവിട്ടത്. വീഡിയോയിൽ കഞ്ചാവ് പിടിച്ചെടുക്കുന്നതായിട്ടില്ല. മദ്യക്കുപ്പികൾ പിടിച്ചെടുക്കുന്ന എക്സൈസുകാർ അതിന്റെ ചിത്രവും വീഡിയോയും പുറത്തുവിടാറുണ്ട്. യദുവിന്റെ പക്കൽ കഞ്ചാവ് ഉണ്ടായിരുന്നെങ്കിൽ അതും കാണിക്കേണ്ടേ?. എക്സൈസ് വകുപ്പ് മന്ത്രിക്കും കമ്മിഷണർക്കും ജില്ലാ പൊലീസ് മേധാവിക്കും യദുകൃഷ്ണൻ പരാതി നൽകിയിട്ടുണ്ടെന്ന് സഞ്ജു പറഞ്ഞു.