തിരുവല്ല: ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 71-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന 29-ാം മത് തീർത്ഥാടന പദയാത്ര തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിലേക്ക് ആരംഭിച്ചു. തിരുവല്ലയിൽ കബർ ചാപ്പലിൽ മുഖ്യവികാരി ജനറാൾ മോൺ. ഡോ. ഐസക് പാറപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാനയും അതിഭദ്രാസനാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥനയും നടത്തി. തുടർന്ന് എം.സി.വൈ.എം അതിഭദ്രാസന പ്രസിഡന്റ് സിറിയക്ക് വി.ജോൺ വള്ളിക്കുരിശ് ഏറ്റുവാങ്ങി പദയാത്രയ്ക്ക് തുടക്കംകുറിച്ചു. അതിഭദ്രാസന എം.സി.വൈ.എം ഡയറക്ടർ ഫാ.ചെറിയാൻ കുരിശുംമൂട്ടിൽ, അതിഭദ്രാസന ഭാരവാഹികൾ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകും.