പത്തനംതിട്ട: സാമൂഹിക പ്രവർത്തകയും വിജ്ഞാന പത്തനംതിട്ട പദ്ധതി ഡയറക്ടറും കേന്ദ്ര സർക്കാർ രൂപീകരിച്ച സംസ്ഥാന എൻവയോൺമെന്റൽ അപ്രൈസൽ കമ്മിറ്റി വിദഗ്ദ്ധ അംഗവുമായ ഇലന്തൂർ ഇടപ്പരിയാരം ആനന്ദഭവനിൽ (പാറക്കൽ വടക്കേതിൽ) ബീന ഗോവിന്ദൻ (56) നിര്യാതയായി.
ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി ഇന്നലെ പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ബീന ഹോട്ടൽ മുറിയിൽ വിശ്രമിക്കവെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സഹപ്രവർത്തകരെ വിളിച്ചുവരുത്തിയെങ്കിലും അവരെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംസ്‌കാരം പിന്നീട്. ഭർത്താവ്: കെ. ഷാജി (സൗദി). മക്കൾ: അപർണ, അരവിന്ദ്. മരുമകൻ: ഉണ്ണിക്കൃഷ്ണൻ (ഓസ്‌ട്രേലിയ).
കെ-ഡിസ്‌ക് പത്തനംതിട്ട ജില്ല മിഷൻ കോ-ഓർഡിനേറ്ററായിരുന്നു ബീനാ ഗോവിന്ദൻ. വരട്ടാർ പുഴയുടെ പുനരുജ്ജീവനം പരിപാടിക്ക് നേതൃത്വം വഹിച്ചിരുന്ന ബീന പട്ടികവിഭാഗക്കാരുടെ നിരവധി ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആലപ്പുഴയിൽ പി.കെ.കാളൻ പദ്ധതിയുടെ പ്രധാന ചുമതല വഹിച്ചു. പത്തനംതിട്ടയിൽ പട്ടികജാതിക്കാരുടെ പണിതീരാത്ത വീടുകൾ പൂർത്തിയാക്കുന്ന പ്രവർത്തനത്തിന് നേതൃത്വം നൽകുകയും ചെയ്തു. നഗര മാലിന്യ സംസ്‌കരണ പദ്ധതിയുടെ തൃശൂർ റീജീയണൽ കോ ഓർഡിനേറ്ററായും യു.എൻ.ഡി.പി പദ്ധതികളുടെ നേതൃസ്ഥാനത്തും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്നതിൽ കൺസൾട്ടന്റായും ബീന പ്രവർത്തിച്ചിട്ടുണ്ട്.