തിരുവല്ല ; ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പൗരസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവല്ല നഗരസഭയിലെ 28-ാം വാർഡിൽ കാവുംഭാഗം -പെരിങ്ങര റോഡരികിൽ പെരിങ്ങര പാലത്തിന് സമീപമാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ സ്ഥാപിക്കാൻ നീക്കം നടക്കുന്നത്. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള മറ്റൊരു മൊബൈൽ ടവർ ഇവിടെയുണ്ട്. ഇതിന് സമീപത്താണ് വീണ്ടും ടവർ പണിയാനുള്ള നീക്കം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടവർ സ്ഥാപിക്കാൻ സാമഗ്രികൾ എത്തിച്ച് ജോലികൾ തുടങ്ങിയത് നാട്ടുകാർ തടഞ്ഞിരുന്നു. ഇതേതുടർന്ന് ജില്ലാ കളക്ടർക്ക് നാട്ടുകാർ പരാതി നൽകി ടവർ നിർമ്മാണം താത്കാലികമായി നിർത്തിവയ്പ്പിച്ചു. ടവർ സ്ഥാപിക്കുന്നതിന്റെ മുന്നൂറ് മീറ്റർ ചുറ്റളവിൽ അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാൻസർ രോഗികൾ ഉൾപ്പെടെയുള്ള നിരവധിപ്പേർ നിലവിലെ ടവർ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും കാലപ്പഴക്കമുള്ള പഴയ ടവർ നീക്കം ചെയ്യണമെന്നും പുതിയ ടവർ ജനവാസ മേഖല ഒഴിവാക്കി സ്ഥാപിക്കണമെന്നും പൗരസമിതി ഭാരവാഹികൾ പറഞ്ഞു. പരാതിക്കാരുടെ ആവശ്യം കേൾക്കാനായി 23ന് ജില്ലാകളക്ടർ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഭാരവാഹികളായ മുൻസിപ്പൽ കൗൺസിലർ അന്നമ്മ മത്തായി, അഡ്വ.ആർ.രവിപ്രസാദ്, അഡ്വ.ജഗൻ മാത്യു, സജി ചാക്കോ, മത്തായി, മിനീ വർഗീസ്, ബിനി സ്റ്റീഫൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.