പത്തനംതിട്ട: മണിപ്പൂരിൽ നിന്നുള്ള കുട്ടികളെ തിരുവല്ലയിലെ സത്യം മിനിസ്ട്രീസിൽ താമസിപ്പിച്ചത് ചട്ടം പാലിച്ചാണെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സത്യം സർവീസ് ട്രസ്റ്റ് മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിൽ ഒരു വർഷമായി നടത്തി വരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് 50 കുട്ടികളെ ഇവിടെയെത്തിച്ച് പഠനം നടത്തിവന്നിരുന്നത്. മണിപ്പൂരിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പ് മണിപ്പൂരിലെ ശിശുക്ഷേമ സമിതി, ജില്ലാ പൊലീസ് മേധാവി, കുക്കി അസോസിയേഷൻ തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം അനുമതി സർട്ടിഫിക്കറ്റുകൾ വാങ്ങിയിരുന്നു. പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മോധാവി, ഡിവൈ. എസ്. പി. തുടങ്ങിയവരെ രേഖാമൂലം അറിയിച്ചിരുന്നു.

ഏപ്രിൽ ആദ്യവാരം എത്തിയ കുട്ടികൾ സുരക്ഷിതരായി താമസിച്ച് പഠനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാസം 24ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും മാനേജ്മെന്റിനെ അകറ്റി നിർത്തി വീഡിയോയും ഫോട്ടോകളും എടുക്കുകയുമാണുണ്ടായത്. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി. വി. വടവന, ജസ്റ്റിൻസ് വടവന,മേരിക്കുട്ടി പി .ജെ , എബ്രഹാം മാർക്കോസ് എന്നിവർ പങ്കടുത്തു.