റാന്നി : വടശേരിക്കര മണിയാർ - അരീക്കക്കാവ് മേഖലയിൽ വീണ്ടും കാട്ടാന ശല്യം. മുമ്പ് ചിറയ്ക്കൽ , ഒളികല്ല് മേഖലയിലായിരുന്നു കാട്ടാന ശല്യം. ഇവിടെ വനംവകുപ്പ് സൗരോർജ്ജ വേലി സ്ഥാപിച്ചതോടെയാണ് മണിയാർ ഭാഗത്തേക്ക് കാട്ടാന എത്താൻ തുടങ്ങിയത്. ബൗണ്ടറി മേഖലയിലും ഒരാഴ്ചയായി കാട്ടാനയുണ്ട്. ഇവിടെ വീടുകളോട് ചേർന്നുനിൽക്കുന്ന പ്ലാവ് കുലുക്കി കഴിഞ്ഞ ദിവസം ആന ചക്ക പറിച്ചിരുന്നു. നിരവധി ആളുകളുടെ വാഴയും തെങ്ങും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ അരീക്കക്കാവ് മേഖലയിൽ റോഡിനോട് ചേർന്ന് ആന നിലയുറപ്പിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. പടക്കം പൊട്ടിച്ചും മറ്റും ഏറെ പണിപ്പെട്ടാണ് ആനയെ ഇവിടെ നിന്ന് തുരത്തിയത്. ജനവാസ മേഖലയായ മണിയാറിൽ റോഡിൽ കാട്ടാന മുമ്പും ഇറങ്ങിയിട്ടുണ്ട്. ആന ഇറങ്ങിയ സ്ഥലങ്ങളിൽ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.
---------------------
വന്യമൃഗ ശല്യം കാരണം സന്ധ്യ കഴിഞ്ഞാൽ ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വടശേരിക്കര- ചിറ്റാർ റോഡിൽ മണിയാർ അരീക്കകാവ് ഭാഗത്ത് സ്ഥിരമായി കാട്ടാന ശല്യമുണ്ട്. കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു
രതീഷ് , വടശ്ശേരിക്കര