തിരുവല്ല : സംസ്ഥാനത്തെ ആദ്യ പിക്കിൾ ബാൾ ടൂർണമെന്റ് കുറ്റൂർ സെന്റ് മേരിസ് അക്കാദമിയിൽ നാളെ രാവിലെ 8ന് ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി 52 ടീമുകൾ പങ്കെടുക്കും. പുരുഷ, വനിതാ വിഭാഗങ്ങളിലായി സിംഗിൾസ് ആൻഡ് ഡബിൾസ് മത്സരങ്ങൾ, 50 വയസിൽ കൂടുതലുള്ളവരുടെ ഡബിൾസ് എന്നിങ്ങനെ മത്സരങ്ങൾ നടക്കും. അഞ്ച് ഇൻഡോർ സിന്തറ്റിക് കോർട്ടുകളിലായി ആകെ 106 മത്സരങ്ങൾ അരങ്ങേറും. 25,000രൂപ പ്രൈസ് മണി ഉണ്ടാകും. അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലും വളർച്ച നേടിക്കൊണ്ടിരിക്കുന്ന റാക്കറ്റ് ഗെയിമായ പിക്കിൾ ബാൾ കളിക്ക് കേരളത്തിലും പ്രചാരമേറുകയാണ്. ഷട്ടിൽ ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ടെന്നീസ് എന്നീ മൂന്ന് കളികളുടെ ഒരു സങ്കരമാണ് പിക്കിൾ ബോൾ. പുതിയ മത്സരം പരിചയപ്പെടാനായി കായികപ്രേമികളെ ടൂർണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി പിക്കിൾ ബോൾ അസോസിയേഷൻ പ്രസിഡന്റ് റോബിൻ ജോർജ്, സെക്രട്ടറി ജോജി ജോർജ്, ട്രഷറർ ഡോ.ജയദേവൻ ഗണപതി, സനൽ ജി.പണിക്കർ എന്നിവർ അറിയിച്ചു.