yard
തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ വെള്ളക്കെട്ട്

തിരുവല്ല: മഴ പെയ്താൽ പിന്നെ തിരുവല്ല കെ.എസ് ആർ.ടി.സി ബസ് സ്റ്റേഷനിലെ കുഴികളും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമാകുന്നു. തലയെടുപ്പുള്ള കെട്ടിടത്തിന് താഴെ രൂപപ്പെടുന്ന ചെളിവെള്ളം കെ.എസ്.ആർ.ടി.സിക്കും കെ.ടി.ഡി.എഫ്.സിക്കും നാണക്കേടായിരിക്കുകയാണ്. ജില്ലയിലെ നല്ല വരുമാനമുള്ള ഡിപ്പോകളിൽ ഒന്നായ തിരുവല്ല ബസ് സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്കാണ് ദുരിതം. എം.സി റോഡിലൂടെ വരുന്നവ ഉൾപ്പെടെ 300ലധികം ബസുകൾ ദിവസവും സ്റ്റേഷനിലൂടെ കയറിയിറങ്ങി പോകുന്നുണ്ട്. മഴവെള്ളം സ്റ്റേഷൻ യാർഡിലെ കുഴികളിൽ കെട്ടിക്കിടക്കുന്നത് മൂലം യാത്രക്കാർക്കും ജീവനക്കാർക്കും കടയുടമകൾക്കുമെല്ലാം ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. സ്റ്റേഷനിൽ എത്തുന്ന ബസുകൾ വെള്ളക്കെട്ടിലൂടെ പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നതും പതിവാണ്.

നടുവൊടിക്കും കുഴികൾ


സ്റ്റേഷൻ യാർഡിലെ കോൺക്രീറ്റിന് മുകളിൽ നിരത്തിയിട്ടുള്ള ഇന്റർലോക്ക് കട്ടകൾ ഇളകിക്കിടക്കുന്നതാണ് കുഴികളും വെള്ളക്കെട്ടും രൂപപ്പെടാൻ പ്രധാന കാരണം. ബസുകൾ കുഴിയിലിറങ്ങി പോകുമ്പോൾ യാത്രക്കാരുടെ നടുവിന് ക്ഷതമേൽക്കുന്നു. വർഷങ്ങൾക്ക് മുമ്പും ഇതേപ്രശ്‌നം ഉണ്ടായിരുന്നു. അന്ന് ഇന്റർലോക്ക് കട്ടകൾ ഇളക്കി സ്ഥാപിച്ചതോടെ കുറേക്കാലം വെള്ളക്കെട്ട് പ്രശ്‌നം ഒഴിവായി. എന്നാൽ കഴിഞ്ഞ കുറെ മാസങ്ങളായി മഴപെയ്ത്താൽ വീണ്ടും വെള്ളക്കെട്ട് പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. ഇന്റർലോക്ക് കട്ടകൾ ഇളക്കിയിട്ട് പ്രശ്‌നം പരിഹരിക്കാൻ അധികൃതരും ശ്രമിക്കുന്നില്ല.

...............................

തിരുവല്ല ബസ് സ്റ്റേഷനിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിടത്തിന്റെ ഉടമകളായ കെ.ടി.ഡി.എഫ്.സി അധികൃതർക്ക് മൂന്നുതവണ കത്ത് നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല
( കെ.എസ് ആർ.ടി.സി അധികൃതർ )

.................................

1. ദിവസവും 300 ബസുകളോളം കയറിയിറങ്ങുന്ന ബസ് സ്റ്റേഷൻ

2. പരാതി നൽകിയിട്ടും നടപടിയില്ല