പന്തളം:തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള മങ്കുഴി ബസ് പുനരാരംഭിച്ചു. തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, എൻ.എസ്.എസ് ഹൈസ്കൂൾ, എസ്.കെ.വി യൂ.പി സ്കൂൾ, എൻ.എസ്.എസ് പോളിടെക്‌നിക്‌ കോളേജ്, എൻ.എസ്.എസ് ഹൈസ്കൂൾ പെരുമ്പുളിക്കൽ, എൻ.എസ്.എസ് കോളേജ് പന്തളം, എസ്.ആർ.വി യൂ.പി സ്കൂൾ പെരുമ്പുളിക്കൽ, 5 എൽ പി സ്കൂളുകൾ തുടങ്ങിയവയിലെ വിദ്യാർത്ഥികൾക്ക് ബസ് സർവീസ് പ്രയോജനപ്പെടും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർക്ക് സ്കൂൾ കോളേജ് മാനേജ്മെന്റും പി.ടി. എ യും ജീവനക്കാരും നാട്ടുകാരും നിരവധി തവണ നിവേദനം നൽകിയിരുന്നു. എൻ. എസ്. എസ് .ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടിയും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മറ്റ് ജനപ്രതിനിധികളും സർവീസ് ആരംഭിക്കേണ്ടതിന്റെ ആവശ്യകത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.. ഇന്നലെ രാവിലെ ബസിന് തട്ടയിൽ എൻ. എസ് .എസ് ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാരും വിദ്യാർത്ഥികളും പി .ടി. എ. യും സ്കൂൾ വികസനസമിതിയും വിവിധ കരയോഗ വനിത സമാജം ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.