supply
സാധനങ്ങൾ ഇല്ലാത്ത സപ്ലൈക്കോ സ്റ്റോർ

പത്തനംതിട്ട : അവശ്യസാധനങ്ങൾക്കായി സാധാരണക്കാർ ആശ്രയിക്കുന്ന സപ്ലൈകോ സ്റ്റോറുകളി​ലെ ക്ഷാമത്തി​ന് അറുതി​യി​ല്ല. കഴി​ഞ്ഞ പത്തുമാസത്തിലധികമായി സബ്‌സിഡി സാധനങ്ങൾക്ക് നേരി​ടുന്ന ക്ഷാമം പരി​ഹാരമി​ല്ലാതെ തുടരുകയാണ്. പത്ത് ലോഡ് സാധനങ്ങൾ എത്തിയിരുന്ന സ്റ്റോറുകളി​ൽ പലയി​ടത്തും ഇപ്പോൾ രണ്ടും മൂന്നും ലോഡ് മാത്രമാണ് എത്തുന്നത്. എത്തുന്ന സാധനങ്ങൾ അപ്പോൾ തന്നെ ചെലവാകും.

പർച്ചേസിംഗ് ഓർഡർ നൽകിയെങ്കിലും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സബ്‌സിഡി സാധനങ്ങൾ ഇല്ലാത്തതിനാൽ കടയിൽ നിന്ന് അധികവില നൽകി വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ.

പയർ, വെളിച്ചെണ്ണ, പിരിയൻ മുളക്, മല്ലി, കടല, ഉഴുന്ന്, പഞ്ചസാര , അരി എന്നിവയിൽ ഏതെങ്കിലും ഒരു സാധനം മാത്രമാണ് ഔട്ട്‌ ലറ്റുകളിലുള്ളത്. വെളിച്ചെണ്ണയ്ക്ക് മാത്രമാണ് ചില ഔട്ട്‌ലറ്റുകളിൽ ആളുകളെത്തുന്നത്. പഞ്ചസാര മിക്കയിടത്തും ഇല്ല. മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റുകളിൽ പതിമൂന്നിനം സാധനങ്ങളാണ് സബ്സിഡി വലിയിൽ നൽകുന്നത്.

പണമി​ല്ലാതെ നട്ടംതി​രി​ഞ്ഞ്

വി​വി​ധ കമ്പനി​കളി​ൽ നി​ന്ന് വാങ്ങി​യ ഉൽപ്പന്നങ്ങളുടെ തുക സപ്ളൈകോ യഥാസമയം നൽകാത്തതി​നാൽ പർച്ചേസിംഗ് ഓർഡർ നൽകിയാലും സാധനങ്ങൾ ലഭി​ക്കാത്ത സാഹചര്യമാണുള്ളത്. സർക്കാരിന്റെ സാമ്പത്തി​ക പ്രതി​സന്ധി​യും സപ്ലൈകോയെ ബാധി​ക്കുന്നുണ്ട്. സബ്സിഡിയിൽ സാധനങ്ങൾ വി​ൽപ്പന നടത്താനാകാത്ത സാഹചര്യമാണുള്ളത്.

കരാർ തൊഴിലാളികൾ ആശങ്കയിൽ

സാധനങ്ങൾ സ്റ്റോക്കില്ലാത്തതിനാൽ സപ്ലൈകോയിലെ വില്പനയും കുറഞ്ഞിട്ടുണ്ട്. വിൽപ്പനയ്ക്കനുസരിച്ചാണ് കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നത്. വിൽപ്പന കുറഞ്ഞതിനാൽ കരാർ തൊഴിലാളികളുടെ ശമ്പളത്തിൽ കുറവ് ഉണ്ടാകുമെന്ന ആശങ്കയുമുണ്ട്.

ക്ഷാമം നേരിടുന്ന സബ്‌സിഡി സാധനങ്ങൾ

പഞ്ചസാര, പരിപ്പ്, മുളക്, കടല, മല്ലി, ഉഴുന്ന്, പയർ

ജില്ലയിലെ ഔട്ട്‌ലറ്റുകൾ : 22

സൂപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ആശ്രയം. സപ്ലൈകോ പൂർണമായി ജനങ്ങളെ വഞ്ചിക്കുകയാണ്. സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

വിജയകുമാർ, വെണ്ണിക്കുളം