ചെങ്ങന്നൂർ : മാവേലിക്കര- ചാരുംമൂട് ചെങ്ങന്നൂർ പ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസമായി അനുഭവപ്പെടുന്ന പാചകവാതക സിലിണ്ടർ ക്ഷാമത്തിൽ അടിയന്തര ഇടപെടൽ നടത്തി കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രദേശത്തേക്കുള്ള പാചകവാതക സിലിണ്ടറുകൾ കൊച്ചി യൂണിറ്റിൽ നിന്നായിരുന്നു നിലവിൽ നൽകിക്കൊണ്ടിരുന്നത്. എന്നാൽ യാതൊരു മുന്നൊരുക്കവുമില്ലാതെ ഇവ കൊല്ലം പാരിപ്പള്ളിയിലെ യൂണിറ്റിലേക്ക് മാറ്റിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കേരളത്തിലെ റീട്ടയിൽ വിതരണത്തിന്റെ ചുമതലയുള്ള ജനറൽ മാനേജറുമായി ഫോണിൽ സംസാരിച്ച എം.പി വിഷയത്തിൽ അടിയന്തരമായ ഇടപെടൽ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജനറൽ മാനേജർക്ക് കത്തും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തന്നെ പാചകവാതക വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാമെന്ന് ജനറൽ മാനേജർ എം. പിക്ക് ഉറപ്പു നൽകി.