പത്തനംതിട്ട : ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത ശതമാനം തുക ഓരോ മാസവും കൊള്ളയടിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങുന്ന ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആരോഗ്യപരിരക്ഷ സർക്കാരിന്റെ ബാദ്ധ്യതയാണെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി സർക്കാർ പത്താം ശമ്പള പരിഷ്‌കരണം റിപ്പോർട്ടിൽ കൊണ്ടുവന്ന മെഡിസെപ്പ് പദ്ധതി അവസാനിപ്പിക്കാനുള്ള നീക്കം ജീവനക്കാരോടുള്ള വഞ്ചനയാണ്. ശമ്പളപരിഷ്‌കരണ കുടിശ്ശിക, ക്ഷാമബത്ത കുടിശിക, ലീവ് സറണ്ടർ തുടങ്ങി തടഞ്ഞു വച്ചിരിക്കുന്ന ആനുകൂല്യങ്ങൾ അടിയന്തരമായി അനുവദിക്കുവാനും സമ്മേളനം ആവശ്യപ്പെട്ടു.
ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം ബിജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാനും യാത്രയയപ്പ് സമ്മേളനം സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റും ഉദ്ഘാടനം ചെയ്തു.