ചെങ്ങന്നൂർ : 2018ലെ പ്രളയത്തിനു ശേഷം ആലപ്പുഴ ജില്ലയിൽ ആരംഭിച്ച സമഗ്രമായ കുടിവെള്ള പദ്ധതികൾ പൂർത്തീകരണത്തിന്റെ ഘട്ടത്തിലാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയിൽ ആലാ പഞ്ചായത്തിലെ പ്രവൃത്തികൾ ഉദ്ഘാടനം ചെ‌യ്യുകയായിരുന്നു മന്ത്രി. പദ്ധതികൾക്കായി അനുവദിച്ച 1668 കോടി രൂപയിൽ 883 കോടി രൂപ കിഫ്ബിയാണ് നൽകിയത്. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ 19ലക്ഷം കുടിവെള്ള കണക്ഷനുകൾ പുതിയതായി നൽകാൻ കഴിഞ്ഞു. പെണ്ണുക്കര കനാൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി മൂലം ആലാ പഞ്ചായത്തിലെ 3948 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭിക്കുമെന്നും ഇതിനായി 46 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ കെ.അർച്ചന റിപ്പോർട്ട് അവതരിപ്പിച്ചു. ആലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.മുരളീധരൻ പിള്ള,ജില്ല പഞ്ചായത്തംഗംമഞ്ജുള ദേവി, എം.ശശികുമാർ, പി.എസ് ശരണ്യ, കെ.ഡി രാധാകൃഷ്ണ‌കുറുപ്പ് , വി.കെ ശോഭ , വി.എസ് ഗോപാലകൃഷ്ണ‌ൻ, എന്നിവർ സംസാരിച്ചു.