പന്തളം : പന്തളത്തെ അശാസ്ത്രീയ നികുതി പിരിവിനെതിരെ കെട്ടിട ഉടമകളുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 3. 30 ന് പന്തളം എമിനൻസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ കെട്ടിട ഉടമ കൂട്ടായ്മ പൊതുയോഗം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാലാകാലങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം കെട്ടിടനികുതി വർദ്ധിപ്പിക്കാതെ നഗരസഭ ഉദ്യോഗസ്ഥർ അലസരായി ഇരുന്നതിന്റെ ഉത്തരവാദിത്വം നികുതിദായകരുടെ ചുമരിൽ കെട്ടിവയ്ക്കുകയാണ്. പത്തിൽപരം വർഷത്തെ നികുതി , പലിശ , കൂട്ടുപലിശ ഉൾപ്പെടെ വൻ തുക ഒന്നിച്ച് അടപ്പിക്കാനാണ് നീക്കം . സർക്കാർ ഉത്തരവിൽ നിലവിലെ നികുതി മൂന്നുവർഷത്തിൽ കൂടുതൽ ഡിമാൻഡ് നോട്ടീസ് നൽകി പിരിക്കുവാൻ അനുവാദമില്ലാത്ത സാഹചര്യത്തിലാണ് അനധികൃതമായി കഴിഞ്ഞ 10 വർഷത്തെ കെട്ടിടനികുതി 2024 ൽ നിർണയിച്ച് മുൻകാല പ്രാബല്യത്തോടെ പിരിച്ചെടുക്കുന്നത് . പുതിയനികുതി 2024 ൽ നിശ്ചയിച്ചാൽ ആ വർഷം മുതൽ നടപ്പാക്കണമെന്നും ഏറ്റവും കുറഞ്ഞ നികുതി നിരക്കും നികുതി ശതമാനവും മാത്രം നിർണയിക്കണമെന്നുമാണ് കെട്ടിട ഉടമസ്ഥ കൂട്ടായ്മയുടെ ആവശ്യം. എന്നാൽ നികുതി വർദ്ധനവുമൂലം ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ച് ഭരണകക്ഷിക്ക് പോലും യാതൊരു ധാരണയും ഇല്ല.അസോസിയേഷൻ ഭാരവാഹികളായ വി .സി സുഭാഷ് കുമാർ, ഇ. എസ് നുജുമുദീൻ, പ്രേംശങ്കർ, പി. പി ജോൺ , വർഗീസ് മാത്യു , ജോർജുകുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.